ക്രമസമാധാനത്തിനും പൊതുജന സുരക്ഷയ്ക്കും വെല്ലുവിളിയായി വ്യക്തിഗത മോഷണങ്ങൾ, ഇംഗ്ലണ്ടിലും വെയിൽസിലും കേസുകളിൽ 22% വർദ്ധനവ്, കണക്കുകൾ അതീവ ഗുരുതരമെന്ന് ONS
ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും 2024-ൽ വ്യക്തിഗത മോഷണ കേസുകൾ 22 ശതമാനം വർദ്ധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 1 ലക്ഷം 52,416 മോഷണ കേസുകൾ രേഖപ്പെടുത്തി, 2003-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഷോപ്‌ലിഫ്റ്റിംഗ് കേസുകൾ 5 ലക്ഷം കവിഞ്ഞു, 20 ശതമാനം വർദ്ധനവ്. എന്നാൽ, കൊലപാതകങ്ങൾ പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി, മൊത്തം കുറ്റകൃത്യങ്ങൾ 1990-കളെ അപേക്ഷിച്ച് 75 ശതമാനം കുറഞ്ഞു.
കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ 2 ശതമാനം വർദ്ധിച്ച് 54,587 ആയപ്പോൾ, തോക്ക് ഉപയോഗിച്ചുള്ള കേസുകൾ 20 ശതമാനം കുറഞ്ഞു. ക്രൈം സർവേ ഫോർ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് പ്രകാരം, 96 ലക്ഷം ‘ഹെഡ്‌ലൈൻ ക്രൈം’ സംഭവങ്ങൾ 2024-ൽ ഉണ്ടായി. മൊബൈൽ ഫോൺ മോഷണം 50 ശതമാനവും, തട്ടിപ്പ് 33 ശതമാനവും വർദ്ധിച്ചു, 41 ലക്ഷം തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തു. പത്ത് വർഷത്തിനിടെ ലൈംഗികാതിക്രമണ കേസുകൾ 1.5 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി ഉയർന്നപ്പോൾ, ഗാർഹിക പീഡനം 6.5 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി കുറഞ്ഞു.
പോലീസിംഗ് മന്ത്രി ഡെയ്ം ഡയാന ജോൺസൺ, കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഈ വർഷം 3,000-ലധികം പോലീസുകാരെ സമൂഹ പോലീസിംഗിനായി നിയോഗിക്കുമെന്നും അവർ അറിയിച്ചു.
