മാഞ്ചസ്റ്ററിലെ ന്യൂ മോസ്റ്റൺ പ്രദേശത്ത് 14 വയസ്സുള്ള ഒരു ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

Jun 9, 2025 - 10:19
 0
മാഞ്ചസ്റ്ററിലെ ന്യൂ മോസ്റ്റൺ പ്രദേശത്ത് 14 വയസ്സുള്ള ഒരു ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

മാഞ്ചസ്റ്ററിലെ ന്യൂ മോസ്റ്റൺ പ്രദേശത്ത് 14 വയസ്സുള്ള ഒരു ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നെവിൻ റോഡിൽ വച്ചാണ് സംഭവം. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) അറിയിച്ചു. 14 ഉം 16 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ കൊലപാതകത്തിനും, 14 വയസ്സുള്ള ഒരു പെൺകുട്ടിയെയും 37 വയസ്സുള്ള ഒരു സ്ത്രീയെയും കുറ്റവാളിയെ സഹായിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുത്തേറ്റ ശേഷം, ആൺകുട്ടി സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറിയതായി റിപ്പോർട്ടുകൾ പറയുന്നു. “എനിക്ക് മരിക്കാൻ വയ്യ,” എന്ന് ആവർത്തിച്ച് പറഞ്ഞ കുട്ടി, വീട്ടുകാരുടെ സഹായത്തോടെ കസേരയിൽ ഇരുത്തപ്പെട്ടു. എന്നാൽ, ആംബുലൻസ് എത്തുന്നതിന് മുമ്പ് അവന്റെ അവസ്ഥ വഷളായി. സംഭവസ്ഥലത്ത് പോലീസും പാരാമെഡിക്കുകളും എയർ ആംബുലൻസും എത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ നാല് പ്രതികളും പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയരാണ്.

ന്യൂ മോസ്റ്റണിലെ ഫെയർവേ ഇൻ പബിന് സമീപമുള്ള നുത്തർസ്റ്റ് റോഡിന്റെയും ബ്രോഡ്‌വേയുടെയും മൂലയിൽ പോലീസ് കോർഡൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് തെളിവുകൾ ശേഖരിക്കുന്നുണ്ട്. ഈ “ഹീനവും ഹൃദയഭേദകവുമായ” സംഭവം പ്രദേശവാസികളെ ഞെട്ടിച്ചതായി ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ ചാൾട്ടൺ പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് പോലീസ് എല്ലാ പിന്തുണയും നൽകുന്നുണ്ട്.

കൊലപാതക അന്വേഷണത്തിനായി വൻ പോലീസ് സന്നാഹം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമോ, ദൃശ്യങ്ങളോ, ഡോർബെൽ അല്ലെങ്കിൽ ഡാഷ്‌ക്യാം ഫൂട്ടേജോ ലഭ്യമെങ്കിൽ പോലീസുമായി പങ്കുവെക്കണമെന്ന് ജിഎംപി അഭ്യർത്ഥിച്ചു. കുട്ടിയുടെ മരണത്തിന്റെ പൂർണ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.