ഇംഗ്ലണ്ടിൽ സ്കൂൾ ഹാജർനില താഴുന്നു: 170,000 കുട്ടികൾക്ക് പാഠങ്ങൾ നഷ്ടം

Apr 5, 2025 - 11:03
 0
ഇംഗ്ലണ്ടിൽ സ്കൂൾ ഹാജർനില താഴുന്നു: 170,000 കുട്ടികൾക്ക് പാഠങ്ങൾ നഷ്ടം

ലണ്ടൻ : 

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥികളുടെ ഹാജർനിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. 170,000-ലേറെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തിൽ പകുതിയോളം ക്ലാസുകൾ നഷ്ടമായതായി വിദ്യാഭ്യാസ വകുപ്പിന്റെ (DfE) കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം വിദ്യാർത്ഥികളുടെ 2.3 ശതമാനം വരുന്ന ഈ കണക്ക്, ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണെന്ന് വിലയിരുത്തപ്പെടുന്നു. 2022-23 വർഷത്തിൽ 150,256 കുട്ടികളാണ് ഗുരുതരമായി ഹാജരാകാത്തവരായി തരംതിരിക്കപ്പെട്ടതെങ്കിൽ, കഴിഞ്ഞ വർഷം അത് 171,269 ആയി ഉയർന്നു. 2006-07 മുതൽ DfE ഡാറ്റാ സൂക്ഷിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. കോവിഡ് മഹാമാരിക്ക് മുമ്പ്, 2018-19ൽ, ഇത്തരത്തിൽ 60,247 കുട്ടികൾ മാത്രമാണ് ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്.

ഓരോ വർഷവും സ്കൂളിൽ അനധികൃതമായി ഹാജരാകാത്തവരുടെ എണ്ണം കുത്തനെ കൂടുന്നത് വിദ്യാഭ്യാസ മേഖലയിൽ ആശങ്ക വിതയ്ക്കുന്നു. ഇത് കുട്ടികളുടെ പഠന മികവിനെ മാത്രമല്ല, അവരുടെ വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്ന കുട്ടികൾ പലപ്പോഴും ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് ശൃംഖലകളുടെയും ഇരകളാകുന്ന സംഭവങ്ങൾ വർധിക്കുന്നതും ഗൗരവമായ വിഷയമാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സ്കൂളുകൾക്ക് മാത്രം കഴിയില്ലെന്നും, മാതാപിതാക്കൾ, അധ്യാപകർ, മറ്റ് ഏജൻസികൾ എന്നിവരുടെ സംയുക്ത പരിശ്രമം ആവശ്യമാണെന്നും അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറൽ സെക്രട്ടറി പെപ്പെ ഡി ഇയാസിയോ ചൂണ്ടിക്കാട്ടി.

ഇതിനായി യുകെയിൽ നിലവിൽ പിഴ ഈടാക്കുന്ന സമ്പ്രദായം നടപ്പിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ സ്കൂൾ ഹാജർ പിഴ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി വർധിപ്പിച്ചു. മൂന്ന് വർഷത്തിനിടെ ഒരേ കുട്ടിക്ക് വീണ്ടും പിഴ ചുമത്തേണ്ടി വന്നാൽ അത് 160 പൗണ്ടായി ഉയരും. കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ, സ്കൂൾ-കോളേജ് അധികൃതർ ഹാജർനില മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കൂട്ടായ ശ്രമം അനിവാര്യമാണെന്നാണ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ഊന്നിപ്പറയുന്നത്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.