യുകെയിൽ കുടിയേറ്റ നിയമം ശക്തമാക്കുന്ന ലേബർ ഗവൺമെന്റ് പദ്ധതിക്കെതിരെ സ്കോട്ട്ലൻഡ് കോൺഗ്രസ് പ്രവർത്തകരുടെ നിവേദനം

ഗ്ലാസ്ഗോ: യുകെ ലേബർ പാർട്ടി സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ കുടിയേറ്റ നിയമ നിർദ്ദേശങ്ങൾ ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർക്കിടയിൽ ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിൽ, നിലവിൽ യുകെയിൽ താമസിക്കുന്നവർക്ക് നിലവിലുള്ള നിയമപ്രകാരം പെർമനന്റ് റെസിഡൻസി (പിആർ) ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡിലെ ഇന്ത്യൻ കോൺഗ്രസ് പ്രവർത്തകർ നിവേദനം സമർപ്പിച്ചു.
ഗ്ലാസ്ഗോയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരായ സുനിൽ പായിപ്പാട്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്ലാസ്ഗോ നോർത്ത് ഈസ്റ്റ് എംപി മൗറീൻ ബർക്കിന് നിവേദനം കൈമാറി. സ്കോട്ട്‌ലൻഡിലെ മറ്റ് പാർലമെന്റ് അംഗങ്ങൾക്കും സമാന നിവേദനങ്ങൾ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
“നിലവിലെ നിയമപ്രകാരം യുകെയിൽ സ്ഥിരതാമസമുള്ളവർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കണം. ഇത് മാനുഷികവും നീതിപൂർവവുമായ നടപടി മാത്രമാണ്,” എന്ന് സുനിൽ പായിപ്പാട് പറഞ്ഞു.
ലേബർ പാർട്ടിയുടെ പുതിയ കുടിയേറ്റ നിയമ നിർദ്ദേശം, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള പുതുതായി കുടിയേറ്റം ആലോചിക്കുന്നവർക്കായി, കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നതാണ് ആശങ്കയുടെ ആധാരം. ഇത് പല കുടുംബങ്ങളുടെയും ഭാവിയെ അഴിച്ചുവിടുമെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ. ഈ നിർദ്ദേശം നടപ്പാക്കിയാൽ, നിലവിൽ യുകെയിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്കും,വിദഗ്ധർക്കും കുടുംബങ്ങൾക്കും ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, സർക്കാർ തലത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാനും ഈ നിവേദന പ്രവർത്തനങ്ങൾ സഹായകമാവുമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു. നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ കുടിയേറ്റക്കാരുടെയും പിആർ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.