സൗത്താംപ്റ്റൺ ടസ്കേഴ്സിന്റെ അഖില യുകെ ടി10 ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 1-ന്: ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു

സൗത്താംപ്റ്റൺ: യുകെയിലെ മലയാളി ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൗത്താംപ്റ്റൻ ടസ്കേഴ്സ് ഒരുക്കുന്ന നാലാമത് അഖില യുകെ ടി10 ക്രിക്കറ്റ് ടൂർണമെന്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആവേശം കൊടുമ്പിരിക്കൊള്ളുകയാണ്. ജൂൺ 1-ന് ഞായറാഴ്ച സൗത്താംപ്റ്റൻ സ്പോർട്സ് സെന്ററിൽ (SO16 7AY) നടക്കുന്ന ഈ മാമാങ്കത്തിന് ചുക്കാൻ പിടിക്കുന്നത് ടസ്കേഴ്സ് ചെയർമാൻ രഞ്ജിത്ത് തെലപ്പറമ്പിലും സെക്രട്ടറി ബിനോയ് ജേക്കബും ചേർന്നാണ്. സംഘാടന മികവിൽ യുകെയിൽ നിന്ന് തന്നെ ശ്രദ്ധേയരായ ടസ്കേഴ്സിന്റെ ഈ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ ഒരു ദിനം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
എട്ട് ടീമുകൾ കൊമ്പുകോർക്കുന്ന ഈ ടൂർണമെന്റിൽ വിജയികൾക്ക് ആമ്പിൾ മോർട്ഗേജസ് സ്പോൺസർ ചെയ്യുന്ന £1000 ഒന്നാം സമ്മാനവും, റണ്ണർ-അപ്പിന് ഇടിക്കുള സോളിസിറ്റേഴ്സ് സ്പോൺസർ ചെയ്യുന്ന £500 ലഭിക്കും.സൗത്താംപ്റ്റന്റെ യുദ്ധഭൂമിയിൽ കലാളും കുതിരയും പടയും പടകോപ്പുകളുമായി ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആരാധകർക്ക് ആവേശം ഇരട്ടിക്കും.
ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ യുകെഎംഎ മുൻ പ്രസിഡന്റും നിലവിൽ ലയസൺ ഓഫീസറുമായ മനോജ് പിള്ള, ക്ലബ്ബ് സ്പോൺസറായ സ്റ്റീഫൻ ഇടിക്കുള (ഇടിക്കുള സോളിസിറ്റേഴ്സ്), ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരായ ആമ്പിൾ മോർട്ഗേജസ്, രജീഷ് വണ്ടിക്കാരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ടൂർണമെന്റിന്റെ മാറ്റ് കൂട്ടാൻ സംഘാടകർ നാടൻ തട്ടുകടയും ഒരുക്കിയിട്ടുണ്ട്.വില്ലോഫിക്സ്, വണ്ടിക്കാരൻ യുകെ,ഗ്രനറി ലോക്കൽ,ഷോട്ടോകൻ കരാട്ടെ, കിച്ചൻ ഫ്രഷ്, സിറ്റി അക്കൗണ്ട് പോർട്സ്മൗത്ത്, റിഡീമർ ഫിറ്റ്നസ്, കോഹിനൂർ ഓഫ് കേരള restaurant, സിമ്പ്ലി ലോക്കൽ എന്നിവരാണ് ടൂർണമെന്റിനെ പിന്തുണയ്ക്കുന്ന മറ്റു സ്പോൺസർമാർ.
ക്രിക്കറ്റ് മാത്രമല്ല, സൗഹൃദവും സാംസ്കാരിക ഒത്തുചേരലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഈ വേദിയിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും സൗത്താംപ്റ്റൻ ടസ്കേഴ്സ് സ്വാഗതം ചെയ്യുന്നു.