ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ദേവാലയം: ഫാ. ഡോ. സജി സി. ജോണിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി

ഗ്ലാസ്ഗോ ∙ ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനമനുഷ്ഠിച്ച റവ. ഫാ. ഡോ. സജി സി. ജോണിന് ഇടവക ഹൃദയംഗമമായ യാത്രയയപ്പ് നൽകി. “നിങ്ങൾ ലോകമെമ്പാടും പോയി എന്റെ സുവിശേഷം അറിയിപ്പിൻ” എന്ന കർത്താവിന്റെ ആഹ്വാനത്തിന് ജീവൻ നൽകിയ അച്ഛന്റെ ആത്മാർപ്പിതമായ ശുശ്രൂഷയെ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ ഇടവകാംഗങ്ങൾ നന്ദിപൂർവം സ്മരിച്ചു. അച്ഛന്റെ മൂന്ന് വർഷത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങളെ ട്രസ്റ്റി സുനിൽ പായിപ്പാട് താത്സമ്യത്തോടെ അനുസ്മരിച്ചു.
സ്കോട്ട്‌ലൻഡിൽ ‘പരുമല ദേവാലയം’ എന്നറിയപ്പെടുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ വികാരിയായിരിക്കെ, സ്കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറയിൽ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ നാമധേയത്തിൽ ഒരു പുതിയ ദേവാലയത്തിന് തുടക്കംകുറിക്കാൻ ഫാ. ഡോ. സജി സി. ജോണിന് സാധിച്ചു. ഈ നേട്ടം ഇടവകയുടെ ആത്മീയ ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തപ്പെട്ടു. ഇടവകയുടെ സ്നേഹോപഹാരം മോനിറ്റൻ മുതലാളി അച്ഛന് സമർപ്പിച്ച് ആദരിച്ചു. മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി തോമസ് വർഗീസ് ബൊക്കെ നൽകി ബഹുമാനിച്ചു.
യാത്രയയപ്പ് യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് റിയാ വർഗീസ്, സ്ത്രീസമാജം പ്രതിനിധി സ്മിത, യുവജനപ്രസ്ഥാന പ്രതിനിധി ഡാൻ ഫിലിപ്പ് എന്നിവർ ബൊക്കെകൾ നൽകി റവ. ഫാ. ഡോ. സജി സി. ജോണിനെ ആദരിച്ചു. അച്ഛന്റെ നേതൃത്വത്തിൽ ഇടവകയുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിന് ലഭിച്ച പിന്തുണയെ യോഗം ഹൃദയപൂർവം അനുസ്മരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ സേവനകാലത്ത് വിശ്വാസികളെ ഒന്നിപ്പിച്ച് മുന്നോട്ടുനയിച്ചതിന് ഇടവക അച്ഛനോട് കടപ്പാട് പ്രകാശിപ്പിച്ചു.
ഇടവകയുടെ സ്നേഹവും സഹകരണവും തന്റെ ശുശ്രൂഷയ്ക്ക് എന്നും കരുത്തായിരുന്നുവെന്ന് റവ. ഫാ. ഡോ. സജി സി. ജോൻ നന്ദിപ്രസംഗത്തിൽ പറഞ്ഞു. സഭയുടെയും ഇടവകയുടെയും വളർച്ചയ്ക്കായി ഒത്തുചേർന്ന എല്ലാവർക്കും അച്ഛൻ കൃതജ്ഞത അറിയിച്ചു. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ പോകുന്ന അച്ഛന്റെ ഭാവി ശുശ്രൂഷകൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് ഇടവക ഒന്നാകെ പ്രാർഥിച്ചു.