ത്രിരാഷ്ട്ര കബഡി ടൂർണമെന്റ്: വെയിൽസ് ടീമിൽ മലയാളി തിളക്കം

കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി യുകെയിലും ഇംഗ്ലണ്ടിലും കബഡിക്ക് കൂടുതൽ പ്രചാരം നൽകുന്നതിന്റെ ഭാഗമായി ഗവൺമെന്റിന്റെ പിന്തുണയോടെ നടത്തപ്പെടുന്ന ത്രിരാഷ്ട്ര കബഡി ടൂർണമെന്റ് ജൂലൈ 26-ന് ഹാർട്ട്‌ലിപൂളിൽ വച്ച് നടക്കും.
ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷ-വനിതാ ദേശീയ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, വെയിൽസ് ടീമിൽ ഭൂരിഭാഗവും മലയാളികളെ ഉൾപ്പെടുത്തിയാണ് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം മത്സരങ്ങളിലൂടെ വരും ദിനങ്ങളിൽ യുകെയിലും, പ്രത്യേകിച്ച് ഇംഗ്ലണ്ടിലും, കബഡിയുടെ പ്രചാരം വർധിപ്പിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.
കേരളത്തിൽ നിന്നുള്ള താരങ്ങൾ നിറഞ്ഞ വെയിൽസ് കബഡി ടീം വെയിൽസ് ഗവൺമെന്റിന്റെ സഹകരണത്തോടെയാണ് രൂപീകരിച്ചിരിക്കുന്നത്. വെയിൽസിലെ ന്യൂപോർട്ടിൽ താമസിക്കുന്ന മുൻ കേരള കബഡി താരം ജോബി മാത്യുവാണ് വെയിൽസ് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പുതുതലമുറയെ കബഡി എന്ന കായിക വിനോദത്തിലേക്ക് കൂടുതൽ ആകർഷിക്കുക എന്നതാണ് ദീർഘകാല ലക്ഷ്യമെന്ന് ജോബി മാത്യു അഭിപ്രായപ്പെട്ടു. ബ്രിട്ടനിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആദ്യത്തെ സമഗ്ര കബഡി ടൂർണമെന്റാണ് ഇത്. മലയാളി കൗൺസിലർ ആരോൺ റോയിയുടെ നേതൃത്വത്തിലാണ് യുകെയിൽ ആദ്യമായി ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.
കായിക-സാംസ്കാരിക വകുപ്പ് സെക്രട്ടറി ലിസ നാൻഡി, മുൻ പ്രധാനമന്ത്രി ഋഷി സുനക്, ടീസ് വാലി മേയർ ബെൻ ഹൗചൻ, മിഡിൽസ്‌ബ്രോ മേയർ ക്രിസ് കുക്ക്, ഹാർട്ട്‌ലിപൂൾ മേയർ കാരൾ തോംസൺ, പൊലീസ് ക്രൈം കമ്മീഷണർ മാറ്റ് സ്റ്റോറി തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും.
ഇംഗ്ലണ്ട് ദേശീയ ടീമിലെ ആദ്യകാല മലയാളികളായ വൂസ്റ്ററിൽ നിന്നുള്ള സാജു മാത്യു, നോട്ടിംഗ്ഹാമിൽ നിന്നുള്ള രാജു ജോർജ്, സാജു ജോസഫ് എന്നിവരാണ് മറ്റ് ഭാരവാഹികൾ.
മാനേജരായ സാജു മാത്യു ഇംഗ്ലണ്ട് ദേശീയ കബഡി ടീമിന് വേണ്ടി കളിച്ച ആദ്യ മലയാളിയാണ്. നോട്ടിംഗ്ഹാം റോയൽസ് എന്ന കബഡി ക്ലബ്ബിന്റെ മാനേജരായ രാജു ജോർജാണ് ടീമിന്റെ കോച്ച്.
ഫസ്റ്റ് കോൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് യുകെ, മാപ്പിൽ മോർഗേജ് അഡ്വൈസ് കമ്പനി യുകെ, യു ഷോപ്പ് നോട്ടിംഗ്ഹാം, ഐഡിയൽ സോളിസിറ്റേഴ്സ്, ഒറ്റക്കൊമ്പൻ യുകെ, മദേഴ്‌സ് ഫുഡ് ലിമിറ്റഡ്, റൈറ്റ് ക്ലിക്ക് മീഡിയ, ഗ്രാൻഡ് ഫുഡ് ലിമിറ്റഡ്, ഓവറോൾ ലിമിറ്റഡ് എന്നീ കമ്പനികളാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ.