യുകെയിൽ അനധികൃത തൊഴിലിനെതിരെ കർശന നടപടി: പരിശോധന ശക്തമാക്കുന്നു

Mar 31, 2025 - 09:43
May 28, 2025 - 03:21
 0
യുകെയിൽ അനധികൃത തൊഴിലിനെതിരെ കർശന നടപടി: പരിശോധന ശക്തമാക്കുന്നു

ലണ്ടൻ: യുകെയിൽ അനധികൃത കുടിയേറ്റം തടയാൻ തൊഴിൽ സ്ഥലങ്ങളിൽ കർശന പരിശോധനകൾ നടപ്പിലാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ അറിയിച്ചു. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ഈ നീക്കത്തിന്റെ ഉദ്ദേശം. പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടാൽ, സ്ഥാപനങ്ങൾക്ക് ഉയർന്ന പിഴ ശിക്ഷയായി നൽകേണ്ടി വരും.

തൊഴിൽ വാഗ്ദാനങ്ങളിലൂടെ ആളുകളെ അനധികൃതമായി യുകെയിലേക്ക് എത്തിക്കാൻ ക്രിമിനൽ ശൃംഖലകൾ ശ്രമിക്കുന്നുണ്ടെന്ന് കൂപ്പർ വെളിപ്പെടുത്തി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ, യുകെ ആതിഥേയത്വം വഹിക്കുന്ന ഒരു അന്താരാഷ്ട്ര ഉച്ചകോടി ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഏകദേശം 40 രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ നയങ്ങൾ പ്രഖ്യാപിച്ചത്.

നിയമവിരുദ്ധമായി ജോലിയിൽ ഏർപ്പെടുന്ന വിദേശികൾക്ക് ഒരാൾക്ക് 60,000 പൗണ്ട് വരെ പിഴ ഈടാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ, വിസ സ്പോൺസർഷിപ്പ് ഉള്ളവരെ മാത്രം പരിശോധിക്കാൻ തൊഴിൽ ഉടമകൾ ബാധ്യസ്ഥരായിരുന്നു. എന്നാൽ, താത്കാലിക ജോലികളിലോ കാഷ്വൽ റോളുകളിലോ ഉള്ളവർ പലപ്പോഴും പരിശോധനയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെന്ന് കൂപ്പർ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി, തൊഴിൽ ഉടമകൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു.

ഈ പുതിയ നടപടികൾ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തി പഠനത്തിനൊപ്പം ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.