മാഞ്ചസ്റ്ററിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മാഞ്ചസ്റ്റർ ∙ യുകെയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ജെബിൻ സെബാസ്റ്റ്യൻ (40) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയായ ജെബിൻ മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഥിൻഷോ ഹോസ്പിറ്റലിൽ കാർഡിയാക് തിയേറ്റർ നഴ്സായി ജോലി ചെയ്തിരുന്ന ജെബിൻ നാല് വർഷം മുമ്പാണ് യുകെയിലെത്തിയത്. ഭാര്യ അൽഫോൻസ പാലാ സ്വദേശിനിയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൾ ഡെൽനയ്ക്ക് 10 വയസ്സും, മകൻ സാവിയയ്ക്ക് 4 വയസ്സും, ഇളയ മകൾ സാറയ്ക്ക് വെറും 7 മാസവും പ്രായമുള്ളപ്പോഴാണ് ഈ അപ്രതീക്ഷിത വേർപാട്. അൽഫോൻസ മാറ്റേണിറ്റി ലീവിൽ ആയിരുന്നതിനാൽ ജോലിക്ക് പോയിരുന്നില്ല.
ജെബിന്റെ മൃതദേഹം നിലവിൽ ആശുപത്രിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണവിവരം അറിഞ്ഞ് മലയാളി സമൂഹവും ഫാ. ജോസ് കുന്നുംപുറവും ആശുപത്രിയിൽ എല്ലാ സഹായവുമായി എത്തിയിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും. യുകെയിലെ മലയാളി സമൂഹത്തിൽ ദുഃഖം പടർത്തിയ ഈ വേർപാട് കുടുംബത്തിന് താങ്ങാനാകാത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
