ലണ്ടനിൽ വിഷു വിളക്ക് സന്ധ്യ ഭക്തിനിർഭരമായി സമാപിച്ചു
ലണ്ടൻ: ലണ്ടനിൽ മലയാളി സമൂഹത്തിന്റെ ആഘോഷമായ വിഷു വിളക്ക് സന്ധ്യ, ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തോടെ പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച് ഭക്തിനിർഭരമായി സമാപിച്ചു. വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം നടന്ന ചടങ്ങുകൾ ലണ്ടനിലെ മലയാളികൾക്ക് അവിസ്മരണീയ അനുഭവമായി.
ലൈവ് ഓർക്കസ്ട്രയോടു കൂടിയ ഭക്തിഗാനസുധ, വിഷുക്കണി, ഉപഹാർ സ്കൂൾ ഓഫ് ഡാൻസ്, ശങ്കരി സ്കൂൾ ഓഫ് ഡാൻസ് എന്നിവയുടെ നൃത്തപരിപാടികൾ ചടങ്ങിന്റെ മാറ്റ് കൂട്ടി. അകാലത്തിൽ ലണ്ടൻ മലയാളി സമൂഹത്തെ വിട്ടുപോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന “ഓർമകളിൽ ഹരിയേട്ടൻ” എന്ന ചടങ്ങ് ഹൃദയസ്പർശിയായി. ദീപാരാധനയും വിഷുസദ്യയും ആഘോഷത്തിന് ആത്മീയവും സാംസ്കാരികവുമായ മുദ്ര പകർന്നു.
ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകളും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും ഉയർത്തിക്കാട്ടിയ ഈ വിഷു ആഘോഷം ലണ്ടനിലെ മലയാളികൾക്ക് അഭിമാന മുഹൂർത്തമായി മാറി.
