എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ തുടക്കം മാത്രം: വെസ് സ്ട്രീറ്റിംഗ്

ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കാനുള്ള ലേബർ സർക്കാർ തീരുമാനം കൂടുതൽ പരിഷ്കാരങ്ങളുടെ തുടക്കം മാത്രമാണെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ആരോഗ്യ സേവനത്തിലെ അനാവശ്യ ചെലവുകളും ബ്യൂറോക്രസിയും ഇല്ലാതാക്കാൻ കർശന നടപടികൾ വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “കാര്യക്ഷമതയില്ലായ്മ എല്ലാവർക്കും കാണാം,” എന്ന് സ്ട്രീറ്റിംഗ് പറഞ്ഞു.
2012-ൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ സ്ഥാപിതമായ എൻഎച്ച്എസ് ഇംഗ്ലണ്ട് പിന്നീട് ഫണ്ട് ദുരുപയോഗം നടത്തുന്ന ‘വെള്ളാന’യായി മാറിയെന്നാണ് വിമർശനം. ലോകത്തെ ഏറ്റവും വലിയ സ്വയംഭരണ പൊതു സ്ഥാപനങ്ങളിലൊന്നായ ഇത് 13 ലക്ഷത്തിലധികം പേർക്ക് ജോലി നൽകുന്നു. യുകെയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ സേവനം നൽകുകയാണ് ലക്ഷ്യം. എന്നാൽ, ഇപ്പോൾ സർക്കാർ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് എൻഎച്ച്എസ് മാറ്റുകയാണ്.
ഈ പരിഷ്കാരത്തിൽ 20,000 മുതൽ 30,000 വരെ ജോലികൾ നഷ്ടപ്പെടുമെന്നാണ് സൂചന. എൻഎച്ച്എസ് ഇംഗ്ലണ്ടിലും ആരോഗ്യ വകുപ്പിലും 10,000 പേർക്ക് ജോലി പോയേക്കും. 42 ഇൻ്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ഐസിബി) 25,000 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ പകുതിയോളം (12,500) പോസ്റ്റുകൾ ഇല്ലാതാകും. പുതിയ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മക്കി വർഷാവസാനത്തോടെ ഐസിബികളുടെ ചെലവ് 50% കുറയ്ക്കാൻ ആവശ്യപ്പെട്ടു. എച്ച്ആർ, ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങളിലും 220 എൻഎച്ച്എസ് ട്രസ്റ്റുകളിലും ജോലി വെട്ടിക്കുറയ്ക്കും.
നിലവിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങളെ ഈ മാറ്റം നേരിട്ട് ബാധിക്കില്ല. രോഗി സേവനങ്ങൾക്ക് മുൻഗണന നൽകി നഴ്സുമാർക്ക് കൂടുതൽ പിന്തുണ ലഭിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.