“യുകെയിൽ പുതിയ കുറ്റനിയന്ത്രണ ബിൽ: മോഷ്ടിക്കപ്പെട്ട ഫോൺ തിരികെ നേടാൻ ഇനി വാറണ്ട് ആവശ്യമില്ല”
ലണ്ടൻ – ഇംഗ്ലണ്ടിൽ പുതിയ കുറ്റനിയന്ത്രണ ബിൽ (Crime and Policing Bill) അവതരിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായി ഇനി മുതൽ പൊലീസ് വാറണ്ട് ഇല്ലാതെയും തിരച്ചിൽ നടത്താനാകുമെന്ന് ബിൽ വ്യക്തമാക്കുന്നു.
പുതിയ നിയമപ്രകാരം, ഫോൺ-ട്രാക്കിംഗ് ആപ്പുകൾ, വൈഫൈ ആക്‌സസ്, ബ്ലൂടൂത്ത് മുതലായ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ മോഷണത്തിൽപ്പെട്ട സാധനങ്ങൾ കണ്ടെത്താൻ കഴിയുന്നിടത്ത് ഉടൻ തിരച്ചിൽ നടത്താനാവും. ഇതിന് ഇനി കോടതിയിൽ നിന്ന് വാറണ്ട് വാങ്ങേണ്ടതില്ല; പകരം, ഒരു ഇൻസ്പെക്ടർ അല്ലെങ്കിൽ അതിന് മുകളിലായ ഉദ്യോഗസ്ഥന്റെ അനുമതി മാത്രം മതിയാകും.
കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികൾ
ഇതുവരെ വർഷങ്ങളായി നഗരങ്ങളും നഗരപ്രദേശങ്ങളും ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. തെരുവ് മോഷണങ്ങളും പൊതുസ്ഥലങ്ങളിൽ നടക്കുന്ന അക്രമങ്ങളും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബിൽ മുന്നോട്ടുവച്ചത്.
ഹോം സെക്രട്ടറി ഇവറ്റ് കൂപ്പർ ബിൽ പ്രഖ്യാപിച്ചപ്പോൾ, “കുടുംബങ്ങളും വ്യാപാരികളും തെരുവ് മോഷണങ്ങൾക്കും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇരയാകുന്ന അവസ്ഥ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്” എന്ന് വ്യക്തമാക്കുകയായിരുന്നു.
പുതിയ Crime and Policing Bill പരിഷ്കാരങ്ങൾക്കൊപ്പമാണ് 13,000 അധിക പോലീസ് ഉദ്യോഗസ്ഥർ നിയമിക്കുന്നതിനുള്ള പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. ഇതുവഴി പ്രാദേശിക പൊലീസ് സാന്നിധ്യം ശക്തിപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നതായി ഹോം സെക്രട്ടറി വ്യക്തമാക്കി.
പാർലമെന്റിൽ ഈ ബിൽ അവതരിപ്പിക്കുന്നത് ചൊവ്വാഴ്ചയാണെന്ന് സർക്കാർ അറിയിച്ചു. വർഷാവസാനത്തോടെ ബിൽ പാസാകുമെന്ന് പ്രതീക്ഷിക്കുന്നു.
“ഇതിലൂടെ, പൊലീസ് ക്രമസമാധാന പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ ഇടപെടാനും ജനങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാനും കഴിയും” എന്ന് നൈബർഹുഡ് വാച്ച് (Neighbourhood Watch) ചീഫ് എക്സിക്യൂട്ടീവ് ജോൺ ഹെവാർഡ്-ക്രിപ്പ്സ് അഭിപ്രായപ്പെട്ടു.