ജൂതർക്ക് നേരായി നടന്ന ആക്രമണം: രാജ്യത്ത് ക്രമാസമാധാനത്തെ ബാധിക്കുന്ന പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് പ്രധാനമന്ത്രി

May 2, 2026 - 18:18
 0
ജൂതർക്ക് നേരായി നടന്ന ആക്രമണം: രാജ്യത്ത് ക്രമാസമാധാനത്തെ ബാധിക്കുന്ന പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് പ്രധാനമന്ത്രി

ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ ജൂത വംശജര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ പ്രക്ഷോഭങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ വ്യക്തമാക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ ആവര്‍ത്തിക്കുന്നത് ജൂത സമൂഹത്തിനിടയില്‍ വലിയ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ബിബിസി റേഡിയോ 4-ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുമ്പോഴും, ക്രമസമാധാന നിലയെ ബാധിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളെ ഗൗരവമായി കാണുമെന്നും ചില സാഹചര്യങ്ങളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കേണ്ടി വന്നേക്കാമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ രണ്ട് ജൂത യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ജൂത നേതാക്കളും ഗവണ്‍മെന്റിന്റെ ഭീകരവാദ വിരുദ്ധ വിഭാഗം ഉപദേശകരും പലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചുകളില്‍ ഉപയോഗിക്കുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ക്കെതിരെ ശക്തമായ പോലീസ് നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന് അധികാരമുണ്ട്. എന്നാല്‍ ആഭ്യന്തര സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാര്‍ച്ചുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്ന അസാധാരണമായ നടപടിയിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

അതേസമയം, പ്രതിഷേധങ്ങള്‍ തടയാനുള്ള നീക്കത്തിനെതിരെ സ്റ്റോപ്പ് ദി വാര്‍ കോളിഷന്‍, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യപരമായ വിയോജിപ്പുകളെയും അടിച്ചമര്‍ത്താന്‍ ഈ നീക്കം കാരണമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇന്‍തിഫാദ പോലുള്ള മുദ്രാവാക്യങ്ങള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും അവ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാകണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിലപാട്. ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ഫണ്ടും പോലീസ് സേവനവും അനുവദിച്ചതായും കിയര്‍ സ്റ്റാമര്‍ അറിയിച്ചു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.