ഇംഗ്ലണ്ടിൽ അടിയന്തര സിസേറിയൻ നിരക്കിൽ വൻ വർധനവ്; നാലിലൊന്ന് പ്രസവവും ശസ്ത്രക്രിയ വഴി
ലണ്ടൻ : ഇംഗ്ലണ്ടിൽ ജനിക്കുന്ന നാലിൽ ഒരു കുട്ടി വീതം ഇപ്പോൾ അടിയന്തര സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുക്കുന്നതെന്ന് ബിബിസി നടത്തിയ ഏറ്റവും പുതിയ വിവരശേഖരണ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത്തരം അടിയന്തര പ്രസവ ശസ്ത്രക്രിയകളിൽ എട്ട് ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യത്തെ ആകെ പ്രസവങ്ങളിൽ 26 ശതമാനവും അൺപ്ലാൻഡ് അഥവാ മുൻകൂട്ടി നിശ്ചയിക്കാത്ത അടിയന്തര സിസേറിയനുകളാണ്. അതേസമയം തന്നെ മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ഇലക്ടീവ് സിസേറിയൻ നിരക്കുകൾ 20 ശതമാനമായി ഉയരുകയും യാതൊരുവിധ മെഡിക്കൽ ഉപകരണങ്ങളുടെയും സഹായമില്ലാതെയുള്ള സ്വാഭാവിക പ്രസവ നിരക്ക് 53 ശതമാനത്തിൽ നിന്നും 43 ശതമാനമായി താഴേക്ക് പോവുകയും ചെയ്തു. ഇംഗ്ലണ്ടിലെ സ്ത്രീകളുടെ പ്രസവ രീതികളിൽ ഉണ്ടായ ഈ പെട്ടെന്നുള്ള മാറ്റം മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ദൃശ്യമല്ലെന്ന് നാഷണൽ പെരിനാറ്റൽ എപ്പിഡെമിയോളജി യൂണിറ്റ് ഡയറക്ടർ പ്രൊഫസർ മരിയൻ നൈറ്റ് വ്യക്തമാക്കുന്നു.
മെഡിക്കൽ കാരണങ്ങളെക്കുറിച്ച് എൻഎച്ച്എസ് കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ലെങ്കിലും പ്രസവ വാർഡുകളിലും ഗർഭിണികൾക്കിടയിലും പടരുന്ന ഒരുതരം ഭയത്തിന്റെ അന്തരീക്ഷമാണ് ഈ വർധനവിന് പിന്നിലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. മുൻകാലങ്ങളിൽ യുകെയിലെ ചില പ്രസവ വാർഡുകളിലുണ്ടായ വീഴ്ചകളും വിവാദങ്ങളും കാരണം സിസേറിയൻ ചെയ്യാൻ വൈകിയതാണ് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണത്തിന് ഇടയാക്കിയതെന്ന കണ്ടെത്തൽ ആരോഗ്യപ്രവർത്തകർക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നിയമനടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താൽ ഡോക്ടർമാരും മിഡ്‌വൈഫുമാരും വേഗത്തിൽ സിസേറിയൻ നിർദ്ദേശിക്കാൻ ഇത് കാരണമാകുന്നു. കൂടാതെ കറുത്തവർഗ്ഗക്കാരായ അമ്മമാർക്കും ഏഷ്യൻ വംശജർക്കും ഇടയിൽ ഈ നിരക്ക് മൂന്നിലൊന്ന് എന്ന രീതിയിൽ വളരെ കൂടുതലാണെന്നതും ആശങ്ക ഉളവാക്കുന്നുണ്ട്.
വർധിച്ചുവരുന്ന പ്രസവ ശസ്ത്രക്രിയകൾ എൻഎച്ച്എസിന് സാമ്പത്തികമായും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒരു സാധാരണ പ്രസവത്തിന് 4800 പൗണ്ട് ചെലവ് വരുമ്പോൾ അടിയന്തര സിസേറിയന് 9000 പൗണ്ടോളം വലിയ തുക ചിലവഴിക്കേണ്ടി വരുന്നു. വർദ്ധിച്ചുവരുന്ന ഈ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യത്തിന് തിയേറ്റർ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാതെ പ്രസവ ശുശ്രൂഷാ രംഗം കടുത്ത സമ്മർദ്ദത്തിലാണെന്ന് റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് മുന്നറിയിപ്പ് നൽകുന്നു. ശസ്ത്രക്രിയ ഉണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമേ അമ്മമാർക്കുണ്ടാകുന്ന മാനസിക ആഘാതവും ഭാവിയിലെ ഗർഭധാരണ സാധ്യതകളിലെ സങ്കീർണ്ണതകളും ഈ വർധനവ് മൂലം ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവർ ഓർമ്മിപ്പിക്കുന്നു.
BBC analysis reveals that one in four births in England is now an emergency caesarean section due to a combination of clinical fears and systemic pressures.
