ബർൺഹാമിന് മേക്കർഫീൽഡിൽ വൻ മുന്നേറ്റം; ലേബർ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം
ലണ്ടൻ : ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, വരാനിരിക്കുന്ന മേക്കർഫീൽഡ് പാർലമെന്ററി ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബർൺഹാം വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതായി പുതിയ സർവേ ഫലം. പ്രമുഖ പോളിംഗ് ഏജൻസിയായ സെർവേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബർൺഹാമിന് 49 ശതമാനം വോട്ടർമാരുടെ പിന്തുണയുണ്ട്. പ്രധാന എതിരാളിയായ റിഫോം യുകെ പാർട്ടിയുടെ റോബർട്ട് കെനിയൻ 39 ശതമാനം വോട്ടുകളോടെ രണ്ടാമതാണ്. കഴിഞ്ഞ മാസം നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ റിഫോം പാർട്ടി ഇവിടെ വൻ വിജയം നേടിയിരുന്നെങ്കിലും ബർൺഹാമിന്റെ ജനപ്രീതി ലേബർ പാർട്ടിക്ക് മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവിന് വഴിതുറന്നു എന്നാണ് സർവേ സൂചിപ്പിക്കുന്നത്.
ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിൽ എത്തിയാൽ നിലവിലെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ സർ കീർ സ്റ്റാമറെ വെല്ലുവിളിച്ച് പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ താൻ തയ്യാറാണെന്ന് ബിബിസിയുടെ ക്വസ്റ്റ്യൻ ടൈം പരിപാടിയിൽ ബർൺഹാം പരസ്യമായി പ്രഖ്യാപിച്ചു. ലേബർ പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ വെസ്റ്റ്മിൻസ്റ്റർ രാഷ്ട്രീയ വ്യവസ്ഥിതിയിൽ വലിയ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബർൺഹാമിന്റെ വെല്ലുവിളിയോട് പ്രതികരിച്ച ഡൗണിംഗ് സ്ട്രീറ്റ് വക്താക്കൾ, പ്രധാനമന്ത്രി പദവിയിൽ നിന്ന് സ്റ്റാമർ മാറിനിൽക്കില്ലെന്നും നിലവിൽ പാർട്ടി നേതൃത്വത്തെ മാറ്റാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും വ്യക്തമാക്കി. ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മന്ത്രിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശമെന്നും അവർ ഓർമ്മിപ്പിച്ചു.
നേതൃത്വ പ്രതിസന്ധിയെത്തുടർന്ന് ലേബർ പാർട്ടിയുടെ ജോഷ് സൈമൺസ് എംപി സ്ഥാനം രാജിവെച്ചതോടെയാണ് മേക്കർഫീൽഡിൽ ഉപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആൻഡി ബർൺഹാമിന് പുറമെ മുൻ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ലേബർ പാർട്ടിയുടെ അമരത്തേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിക്കും ലിബറൽ ഡെമോക്രാറ്റുകൾക്കും ഈ സർവേയിൽ വെറും ഒരു ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഉപതിരഞ്ഞെടുപ്പ് തീയതി അടുത്തിരിക്കെ, കടുത്ത മത്സരത്തിനാണ് മേക്കർഫീൽഡ് സാക്ഷ്യം വഹിക്കുന്നത്.
A new poll shows Labour's Andy Burnham holding a 10-point lead over Reform UK in the Makerfield by-election, alongside his announcement to challenge Sir Keir Starmer for the party leadership if he wins.
