സ്കോട്‌ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം; ദുരൂഹത നീക്കണമെന്ന് കുടുംബം

Mar 17, 2025 - 18:51
Mar 17, 2025 - 19:00
 0
സ്കോട്‌ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം; ദുരൂഹത നീക്കണമെന്ന് കുടുംബം
എബൽ തറയിൽ (24)

ലണ്ടൻ : സ്കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം. സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിലെ എംഎസ് സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദ്യാർഥിയായ എബൽ തറയിൽ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30ന് സ്റ്റിർലിങ് – അലോവാ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് അന്വേഷണം തുടരുന്നു. മരണകാരണം ആത്മഹത്യയാകാമെന്നു പൊലീസ് പ്രാഥമികമായി നിഗമനത്തിലെത്തിയെങ്കിലും കുടുംബം അതിനെ തള്ളി. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

എബലിന്റെ മാതാപിതാക്കൾ തൃശൂർ അയ്യന്തോൾ സ്വദേശികളായ പരേതനായ വിമുക്തഭടൻ ടി. യു. ശശീന്ദ്രനും റിട്ട. ഹെഡ് നഴ്സ് എം. എസ്. പദ്മിനിയുമാണ്. സഹോദരൻ അബിറാം തറയിൽ കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് ഹെഡായാണ് ജോലി ചെയ്യുന്നത്. മരണത്തിന് മുൻപ് ഉച്ചയ്ക്ക് 3.30ന് വാട്സ്ആപ്പ് വഴി വീഡിയോ കോൾ ചെയ്തിരുന്നു. പതിവുപോലെ ഏറെ നേരം സംസാരിച്ചെങ്കിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു എന്ന് സഹോദരൻ വ്യക്തമാക്കി. സംഭവത്തിന് ഒരു ആഴ്ച മുമ്പ് ഡൽഹി സ്വദേശിയായ സഹപാഠി പെൺകുട്ടി എബലിന്റെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ജനലുകൾ തകർത്ത സംഭവമുണ്ടായിരുന്നുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്നും കുടുംബം സംശയിക്കുന്നു.

മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനും മരണത്തിന് പിന്നിലെ ദുരൂഹത നീക്കുന്നതിനും കുടുംബം ഇന്ത്യൻ എംബസി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരോടും നിവേദനം നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയ്ക്കും സ്കോട്‌ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റിനും അപേക്ഷ നൽകി. സ്കോട്‌ലൻഡിലെ കോൺഗ്രസ് പ്രവർത്തകരായ മിഥുൻ കെ. മോഹനും സുനിൽ പായിപ്പാടും ക്രിസ് കേൻ എംഎസിന് നിവേദനം നൽകി. കുടുംബം പൊതുപ്രവർത്തകനായ സുനിൽ പായിപ്പാടിനെ ‘നെക്സ്റ്റ് ഓഫ് കിൻ’ ആയി നിയമിച്ചിട്ടുണ്ട്. എബലിന്റെ സംസ്കാരത്തിനായി കുര്യൻ ജേക്കബിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളും കോൺസുലേറ്റുമായി ബന്ധപ്പെട്ടുവരുന്നു. ദുരൂഹത നീക്കി മരണ കാരണം വ്യക്തമാക്കണമെന്ന ആവശ്യവുമായി കുടുംബവും സമൂഹവും മുന്നോട്ട് വരികയാണ്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.