യുകെ കെയർ വിസ തട്ടിപ്പ്: കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് കോടികൾ നഷ്ടം, നീതി അകലെ : വാർത്തയാക്കി BBC
ലണ്ടൻ: യുകെയിൽ കെയർ വർക്കർ വിസ വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം ഏജന്റുമാരും കെയർ ഹോം ഉടമകളും ഇടനിലക്കാരും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കോതമംഗലത്ത് മാത്രം 30-ലധികം പേർ ലക്ഷങ്ങൾ നഷ്ടപ്പെട്ട് ചതിക്കുഴിയിൽ വീണതായി ബിബിസി റിപ്പോർട്ട് ചെയ്തു. യുകെയിൽ എത്തിയ പലർക്കും ജോലി ലഭിക്കാതെ നിത്യവൃത്തിക്ക് പോലും വകയില്ലാത്ത അവസ്ഥയാണ്. ചിലർ ആത്മഹത്യയുടെ വക്കിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അരുൺ ജോർജ് (യഥാർഥ പേര് ഇതല്ല ) എന്നയാൾ തന്റെ ഭാര്യയ്ക്ക് യുകെയിൽ കെയർ വർക്കർ ജോലി ഉറപ്പാക്കാൻ 15,000 പൗണ്ട് ബ്രാഡ്‌ഫോർഡിലെ ഒരു കെയർ ഹോമിന് നൽകി. കേരളത്തിലെ ഒരു ഏജന്റിന്റെ നിർദേശപ്രകാരമായിരുന്നു ഈ പണം നൽകിയത്.കുടുംബം പ്രാരാപ്തത്തിൽ നിന്നും കരകയറുമെന്നും മെച്ചപ്പെട്ട ജീവിതം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവർ സമ്പാദ്യം മുഴുവൻ മുടക്കിയത്. എന്നാൽ, യുകെയിൽ എത്തിയപ്പോൾ ജോലി ലഭിച്ചില്ല. “കെയർ ഹോം അധികൃതരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും വിവിധ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കി. ഒടുവിൽ ശമ്പളമില്ലാത്ത പരിശീലനവും മൂന്ന് ദിവസത്തെ ജോലി മാത്രമാണ് ലഭിച്ചത്,” എന്ന് അരുൺ ബിബിസിയോട് പറഞ്ഞു. പിടിച്ചുനിൽക്കാനാകാതെ മാസങ്ങൾക്കുള്ളിൽ ഇവർക്ക് കേരളത്തിലേക്ക് മടങ്ങേണ്ടി വന്നു . “ഈ തട്ടിപ്പ് ഞങ്ങളെ ഒരു ദശാബ്ദം പിന്നോട്ടടിച്ചു,” വെന്ന് അവർ വ്യക്തമാക്കി.
ഇതേ രീതിയിൽ, ശ്രീദേവി (യഥാർഥ പേര് ഇത് അല്ല) എന്ന യുവതിയും 15,000 പൗണ്ട് ഇതേ കെയർ ഹോമിന് നൽകി 2023-ൽ യുകെയിൽ എത്തി. എന്നാൽ, വാഗ്ദാനമായ സ്ഥിര ജോലി ലഭിക്കാതെ ഇവർ ഇപ്പോൾ ദുരിതത്തിലാണ്. “വാടകയ്ക്കും ഭക്ഷണത്തിനും പോലും പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണ്,” എന്ന് ശ്രീദേവി പറഞ്ഞു. രാവിലെ 4 മുതൽ രാത്രി 9 വരെ ജോലി ചെയ്യേണ്ടി വന്നിട്ടും, രോഗികളോടൊപ്പം ചെലവഴിക്കുന്ന മണിക്കൂറുകൾക്ക് മാത്രമേ ശമ്പളം ലഭിക്കുന്നുള്ളൂ. നാട്ടിൽ നിന്ന് കടംവാങ്ങിയ പണം പോലും തിരിച്ചടക്കാൻ ഇല്ലാതെ തിരിച്ചു മടങ്ങാൻ ഭയക്കുന്ന ഇവർ യുകെയിൽ തുടരുകയാണ്.
കേരളത്തിൽ ഇന്ന് പ്ലസ് ടു കഴിഞ്ഞവർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് നേഴ്സിംഗ് കോഴ്‌സുകളാണ്. ബയോ സയൻസ് പഠിച്ചവർ ബിഎസ്‌സി നേഴ്സിംഗിനും കൊമേഴ്‌സ് പഠിച്ചവർ ജനറൽ നേഴ്സിംഗിനും പോകുന്ന സ്ഥിതിയാണ്. വിദേശത്ത് ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷങ്ങൾ മുടക്കുന്ന ഈ യുവാക്കളിൽ പലരും കെയർ വിസ തട്ടിപ്പിന് ഇരയാകുന്നു. കോതമംഗലത്തുള്ള ഒരു റിക്രൂട്ട്മെന്റ് സ്ഥാപനത്തിലെ ഏജന്റിന് പണം നൽകിയവർ വ്യാജ സ്പോൺസർഷിപ് ലെറ്ററുകൾക്കായി കാത്തിരുന്നു. ചിലർ ഡൽഹിയിലേക്ക് യാത്ര ചെയ്തെങ്കിലും വിസ അപ്പോയിന്റ്‌മെന്റുകൾ ഉണ്ടായിരുന്നില്ല. “മൂന്ന് മക്കൾക്ക് നല്ല ഭാവി പ്രതീക്ഷിച്ച് ബാങ്ക് ലോൺ എടുത്തു, പക്ഷേ ഇപ്പോൾ അവരുടെ സ്കൂൾ ഫീസ് പോലും അടയ്ക്കാൻ കഴിയുന്നില്ല,” എന്ന് ആലപ്പുഴയിലെ ഷിൽപ എന്ന യുവതി ബിബിസിയോട് പറഞ്ഞു.
2022 ഫെബ്രുവരിയിൽ കൺസർവേറ്റീവ് സർക്കാർ ആരംഭിച്ച കെയർ വിസ പദ്ധതി ചൂഷണത്തിന് വഴിവച്ചതായി യുകെയിലെ ആൻറി സ്ലേവറി വാച്ച് ഡോഗ് വിമർശിച്ചു. “ഈ വിസ നയം മോശമായി രൂപകൽപ്പന ചെയ്തതാണ്, കുടിയേറ്റ തൊഴിലാളികളെ ഭയാനകമായി ചൂഷണം ചെയ്യാൻ ഇടയാക്കി,” യതെന്ന് കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു. 2022 മുതൽ 2024 വരെ യുകെയിൽ എത്തിയ 155,000 കെയർ തൊഴിലാളികളിൽ നാലിലൊന്നും പിന്നീട് ലൈസൻസ് നഷ്ടപ്പെട്ട തൊഴിലുടമകൾ നിയമിച്ചവരാണ്. തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് 470-ലധികം കെയർ കമ്പനികളുടെ സ്പോൺസർ ലൈസൻസുകൾ ഹോം ഓഫിസ് റദ്ദാക്കി. 2024-ൽ നിയമങ്ങൾ കർശനമാക്കി, ശമ്പള പരിധി ഉയർത്തുകയും ഡിപ്പൻഡന്റുകളെ കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്തു.
എന്നാൽ, ഇതിനോടകം തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കുന്നത് വൈകുന്നു. “ക്രോസ്-ബോർഡർ തട്ടിപ്പുകൾ കാരണം നിയമനടപടികൾ ബുദ്ധിമുട്ടാണ്,” എന്ന് കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല പറഞ്ഞു. കേരളത്തിൽ രണ്ടായിരത്തോളം പേർ വരെ ഈ തട്ടിപ്പിന് ഇരകളായി യുകെയിൽ കഴിയുന്നതായും അദ്ദേഹം കണക്കാക്കുന്നു. കേരള പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും, ഏജന്റ് യുകെയിൽ ഒളിവിലാണ്. “സർക്കാർ തെറ്റായ ഏജന്റുമാർക്കെതിരെ നടപടിയെടുക്കുന്നത് നല്ലതാണ്, പക്ഷേ തൊഴിലാളികൾ പെരുവഴിയിലാകുന്നത് ആശങ്കയുണ്ടാക്കുന്നു,” എന്ന് എലനോർ ലിയോൺസ് ചൂണ്ടിക്കാട്ടി.
