കുടിയേറ്റം മുതൽ യുകെ–യൂറോപ്യൻ ബന്ധം വരെ; മാക്രോണിനെ ഇന്ന് ഡൗണിങ് സ്ട്രീറ്റിൽ സ്വീകരിച്ച് ആൻഡി ബേൺഹാം
UK Prime Minister Andy Burnham will meet French President Emmanuel Macron to discuss migration, Ukraine, defence and stronger UK-EU ties.
ലണ്ടൻ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം ഇന്ന് ഡൗണിങ് സ്ട്രീറ്റിൽ സ്വീകരിക്കും. ബേൺഹാം പ്രധാനമന്ത്രിയായതിന് ശേഷം ഒരു വിദേശ രാഷ്ട്രത്തലവൻ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഇംഗ്ലീഷ് ചാനൽ വഴി ചെറുവള്ളങ്ങളിൽ നടക്കുന്ന അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബ്രിട്ടൻ–ഫ്രാൻസ് സഹകരണം, യൂറോപ്യൻ പ്രതിരോധം, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
ചാനൽ കടന്നെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ഈ വേനലിൽ 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരായ നടപടി ശക്തമാക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് പുറപ്പെടുന്ന പുതിയ ‘മെഗാ ഡിങ്കി’കളെ നേരിടാൻ 45 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ വിന്യസിക്കും. മനുഷ്യക്കടത്ത് ശൃംഖലകളെ കണ്ടെത്താനും തകർക്കാനും ഫ്രഞ്ച് ഇന്റലിജൻസ്–ജുഡീഷ്യൽ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം 18ൽ നിന്ന് 30 ആയും ഉയർത്തും. ഫ്രാൻസിൽ ബ്രിട്ടനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഏകദേശം 1,050 ആയി ഉയരുമെന്നും സർക്കാർ അറിയിച്ചു.
യുകെ–യൂറോപ്യൻ യൂണിയൻ ബന്ധം കൂടുതൽ ശക്തമാക്കുന്നതും കൂടിക്കാഴ്ചയിലെ പ്രധാന വിഷയമാകും. യുകെ–ഇയു ബന്ധത്തിലെ ചില കരാറുകൾ പുനഃപരിശോധിക്കുന്നതിനൊപ്പം വൈദ്യുതി, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ വ്യാപാര സഹകരണം മെച്ചപ്പെടുത്താനാണ് ബേൺഹാം ലക്ഷ്യമിടുന്നത്. ശീതകാലത്തേക്ക് കടക്കുമ്പോൾ യുക്രെയ്ന് യൂറോപ്പിന്റെ പിന്തുണ വർധിപ്പിക്കുന്നതും ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളും നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള സഹകരണം യൂറോപ്പിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ശക്തിക്കും നിർണായകമാണെന്നാണ് ബേൺഹാം സർക്കാരിന്റെ നിലപാട്.
