വംശീയ അധിക്ഷേപ പരാതി; ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ ആറ് ഉദ്യോഗസ്ഥർക്ക് പിരിച്ചുവിടൽ
Six Greater Manchester Police officers were dismissed following an investigation into racist behaviour towards a fellow officer.
ലണ്ടൻ : സഹപ്രവർത്തകയായ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരായ വംശീയ വിവേചന പരാതിയിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ (GMP) ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. 2023 ഡിസംബറിൽ ഉദ്യോഗസ്ഥ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന പരാതി ലഭിച്ചതിനെ തുടർന്ന് 2024-ലാണ് അന്വേഷണം ആരംഭിച്ചത്. GMPയുടെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് നടപടി.
PC Demi Green, PC Heena Rani, PC Lucy Granby, PC Matthew Barlow, PC Matthew Hill, PC Mohammed Abid എന്നിവരെയാണ് നോട്ടീസ് കൂടാതെ പിരിച്ചുവിട്ടത്. രണ്ട് മുൻ ഉദ്യോഗസ്ഥരും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി കണ്ടെത്തിയെങ്കിലും ഇവർ ഇതിനകം സേനയിൽ നിന്ന് വിരമിച്ചിരുന്നതിനാൽ പിരിച്ചുവിടൽ നടപ്പാക്കാനായില്ല. മറ്റൊരു ഉദ്യോഗസ്ഥനായ Sergeant Adrian Bick-ന്റെ നടപടി അച്ചടക്കലംഘനമായി കണക്കാക്കി എഴുത്തുപരമായ മുന്നറിയിപ്പ് നൽകി.
ആഫ്രിക്കൻ വംശജയായ വനിതാ ഉദ്യോഗസ്ഥയുടെ ഉച്ചാരണം സഹപ്രവർത്തകർ പരിഹസിച്ചതാണ് പരാതിക്ക് കാരണമായത്. സമാനമായ ചർമ്മനിറമുള്ള പ്രതിയുമായി ഉദ്യോഗസ്ഥയെ താരതമ്യം ചെയ്തതായും PC Mohammed Abid മുടിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പരാതിയുമായി മുന്നോട്ടുവന്ന ഉദ്യോഗസ്ഥയുടെ ധൈര്യത്തെ അഭിനന്ദിച്ച GMP ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ടെറി വുഡ്സ്, വിവേചനപരമായ പെരുമാറ്റം നേരിടാതെ എല്ലാവർക്കും ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.
