ചാനൽ കടക്കാൻ ‘മെഗാ ഡിങ്കികൾ’; ചെറിയ ബോട്ടുകളുടെ ലഭ്യത കുറഞ്ഞതോടെ കൂടുതൽ പേരെ കയറ്റി മനുഷ്യക്കടത്ത് സംഘങ്ങൾ
Smuggling gangs are using larger and more crowded “mega-dinghies” to transport more migrants across the English Channel despite fewer crossings.
ലണ്ടൻ : ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് ചെറിയ ബോട്ടുകളിൽ എത്തുന്നവരുടെ എണ്ണം ഈ വേനൽക്കാലത്ത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും, മനുഷ്യക്കടത്ത് സംഘങ്ങൾ തന്ത്രം മാറ്റുന്നതായി റിപ്പോർട്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെ 102 ചെറിയ ബോട്ടുകളാണ് ചാനൽ കടന്നത്. 2019ന് ശേഷം ഒരു വേനൽക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ബോട്ടുകളുടെ എണ്ണമാണിത്. എന്നാൽ ബോട്ടുകളുടെ എണ്ണം കുറഞ്ഞതിനൊപ്പം ഓരോ ബോട്ടിലും കയറ്റുന്ന ആളുകളുടെ ശരാശരി എണ്ണം ഗണ്യമായി വർധിച്ചു.
ഓഗസ്റ്റ് 27 വരെയുള്ള കണക്കുകൾ പ്രകാരം യുകെയിലെത്തിയ ഓരോ ബോട്ടിലും ശരാശരി 68 പേരാണ് ഉണ്ടായിരുന്നത്. 2021ലെ ശരാശരിയേക്കാൾ ഇരട്ടിയിലേറെയാണിത്. കൂടുതൽ ആളുകളെ ഒരേസമയം കടത്താൻ വലിപ്പമേറിയതും അതിരുകടന്ന് നിറച്ചതുമായ ‘മെഗാ ഡിങ്കികൾ’ ഉപയോഗിക്കുന്നതാണ് മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ രീതിയെന്നാണ് റിപ്പോർട്ടുകൾ. 15 മീറ്റർ നീളമുള്ള ഒരു ബോട്ടിൽ 230 കുടിയേറ്റക്കാരെ വരെ കയറ്റി ചാനൽ കടത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഓഗസ്റ്റ് 4ന് ബോട്ട് തീപിടിച്ചതിനെ തുടർന്ന് 170 പേരെ രക്ഷപ്പെടുത്തേണ്ടിവന്ന സംഭവവും ഇത്തരം യാത്രകളുടെ അപകടസാധ്യത വ്യക്തമാക്കുന്നു
മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ രീതികളെ നേരിടാൻ ബ്രിട്ടനും ഫ്രാൻസും നടപടികൾ ശക്തമാക്കുകയാണ്. ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ 45 അധിക ഉദ്യോഗസ്ഥരെ വിന്യസിച്ച് ബോട്ടുകളുടെ പുറപ്പെടൽ കേന്ദ്രങ്ങളും മനുഷ്യക്കടത്ത് ശൃംഖലകളും ലക്ഷ്യമിടാനാണ് നീക്കം. ചാനൽ കടക്കൽ തടയുന്നതിനുള്ള ഫ്രഞ്ച് ഇന്റലിജൻസ്–ജുഡീഷ്യൽ സംഘത്തിലെ അംഗങ്ങളുടെ എണ്ണവും 18ൽ നിന്ന് 30 ആയി ഉയർത്തും. ആകെ ഏകദേശം 1,050 ഫ്രഞ്ച് ഉദ്യോഗസ്ഥരാണ് അനധികൃത ചാനൽ കടക്കലിനെതിരെ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആൻഡി ബേൺഹാമും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിഷയത്തിൽ കൂടുതൽ സഹകരണം സംബന്ധിച്ച ചർച്ചകളും നടക്കും.
