ഡോർസെറ്റിലെ റീസൈക്ലിങ് കേന്ദ്രത്തിൽ വൻ തീപിടിത്തം; പുകപടലം, ജാഗ്രത നിർദേശം
Fire crews are tackling a major blaze involving scrap metal and electrical items at a recycling centre in Dorset, with residents warned to keep windows and doors closed.
ലണ്ടൻ : ഡോർസെറ്റിലെ കോർഫ് മുള്ളനിലുള്ള റീസൈക്ലിങ് കേന്ദ്രത്തിൽ സ്ക്രാപ് ലോഹങ്ങളും വൈദ്യുത ഉപകരണങ്ങളും ഉൾപ്പെട്ട വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ 2.35ഓടെയാണ് കാൻഡീസ് ലെയ്നിലെ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ചെയ്തത്. ഡോർസെറ്റ് ആൻഡ് വിൽറ്റ്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീപിടിത്തത്തെ തുടർന്ന് പത്ത് ഫയർ എൻജിനുകൾ, ഹൈ വോള്യം പമ്പ്, രണ്ട് വാട്ടർ കാരിയറുകൾ എന്നിവ ഉൾപ്പെടെ നിരവധി രക്ഷാപ്രവർത്തന വാഹനങ്ങൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തീയിൽനിന്ന് വലിയ തോതിൽ പുക ഉയരുന്നതിനാൽ സമീപവാസികൾ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് അധികൃതർ നിർദേശം നൽകി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പുകപടലം വ്യാപിച്ചിട്ടുണ്ടെങ്കിലും A31 റോഡ് നിലവിൽ തുറന്നുകിടക്കുകയാണ്. എന്നാൽ പുക വാഹനയാത്രയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രതയോടെ യാത്ര ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
