സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ 23-കാരിക്ക് വധശിക്ഷ വിധിച്ച് ഇറാൻ കോടതി

A 23-year-old Iranian student, Najmeh Amini, has been sentenced to death over a social media post accused of blasphemy, sparking international outrage and alarm from human rights groups over Iran's rising executions.

Oct 14, 2026 - 08:48
 0
സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ 23-കാരിക്ക് വധശിക്ഷ വിധിച്ച് ഇറാൻ കോടതി
Ai generated illustrations

ലണ്ടൻ : സോഷ്യൽ മീഡിയയിലെ പോസ്റ്റിന്റെ പേരിൽ പ്രവാചകനെ നിന്ദിച്ചു (ദൈവനിന്ദ) എന്നാരോപിച്ച് 23 വയസ്സുള്ള വിദ്യാർഥിനിക്ക് ഇറാൻ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. വടക്കുകിഴക്കൻ നഗരമായ മശ്ഹദിലെ വക്കീലാബാദ് ജയിലിൽ കഴിയുന്ന നജ്മ അമീനി എന്ന അക്കൗണ്ടിംഗ് വിദ്യാർത്ഥിനിക്കെതിരെയാണ് കടുത്ത ശിക്ഷാനടപടി. പ്രവാചകനെ അപമാനിച്ചെന്ന കേസിൽ വധശിക്ഷയ്ക്കു പുറമെ, ദേശീയ സുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചതിനും ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയതിനും മറ്റൊരു കോടതി ഇവർക്ക് പന്ത്രണ്ടര വർഷത്തിലേറെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് നജ്മയെ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം ലഹരി വസ്തു ഉപയോഗിച്ചപ്പോഴുണ്ടായ വിഭ്രാന്തിയിലാണ് പോസ്റ്റിട്ടതെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും കോടതിയിൽ വാദിച്ചെങ്കിലും ജഡ്ജി അത് തള്ളുകയായിരുന്നു. "ഞാൻ തെറ്റൊന്നും ചെയ്യാത്ത ഒരു പെൺകുട്ടിയാണ്, എന്റെ ശബ്ദമാകണം" എന്ന് ജയിലിൽ നിന്ന് പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ നജ്മ ഐക്യരാഷ്ട്രസഭയോടും മനുഷ്യാവകാശ സംഘടനകളോടും സഹായം അഭ്യർത്ഥിച്ചു. വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ അവസരമുണ്ട്.

ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം വധശിക്ഷ വലിയ തോതിൽ ആയുധമാക്കുകയാണെന്ന് ആഗോള മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. ഈ വർഷം മാത്രം ഇറാനിൽ അറുന്നൂറിലധികം പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ 'ഇറാൻ ഹ്യൂമൻ റൈറ്റ്സ്' ചൂണ്ടിക്കാട്ടുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനും ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാനുമാണ് ഇത്തരം നടപടികളെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

PNG
Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.