അഭയാർഥികൾക്ക് സ്ഥിരതാമസത്തിന് 30 വർഷം കാത്തിരിപ്പ്; യുകെ പദ്ധതിയിൽ ആശങ്കയുമായി യുഎൻ
30 വർഷംവരെ നീളാവുന്ന നിർദിഷ്ട സ്ഥിരതാമസ കാത്തിരിപ്പ് അഭയാർഥികളുടെ സ്ഥിരതയെയും സാമൂഹിക സംയോജനത്തെയും ബാധിക്കുമെന്ന് യുഎൻഎച്ച്സിആർ മുന്നറിയിപ്പ് നൽകി.
ലണ്ടൻ : അഭയാർഥികൾക്ക് യുകെയിൽ സ്ഥിരതാമസാനുമതി ലഭിക്കാൻ 30 വർഷം വരെ കാത്തിരിപ്പ് ഏർപ്പെടുത്താനുള്ള സർക്കാർ പദ്ധതിയിൽ ഗുരുതര ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്സിആർ. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച ‘ഏൺഡ് സെറ്റിൽമെന്റ്’ പരിഷ്കാരങ്ങളിൽ കെയർ ജീവനക്കാർക്ക് ഇളവ് അനുവദിച്ചെങ്കിലും ചെറുബോട്ടുകൾ ഉൾപ്പെടെയുള്ള നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെ എത്തിയ അഭയാർഥികൾക്കുള്ള കർശന വ്യവസ്ഥകൾ നിലനിർത്തിയിരുന്നു. ദീർഘകാല കാത്തിരിപ്പ് അഭയാർഥികളുടെ സുരക്ഷാബോധത്തെയും ജീവിതസ്ഥിരതയെയും പുതിയ സമൂഹത്തിന്റെ ഭാഗമാകാനുള്ള അവസരങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ഏജൻസിയുടെ മുന്നറിയിപ്പ്.
പദ്ധതിപ്രകാരം സുരക്ഷിതവും നിയമപരവുമായ നിർദിഷ്ട വഴികളിലൂടെ എത്താത്ത അഭയാർഥികളുടെ സാധാരണ യോഗ്യതാകാലം 20 വർഷമായിരിക്കും. ചെറുബോട്ടുകളിലോ ലോറികളിൽ ഒളിച്ചോ എത്തിയവർക്ക് പത്തുവർഷം അധികമായി കാത്തിരിക്കേണ്ടിവരും. ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവർക്ക് യോഗ്യതാകാലത്തിൽ പത്തുവർഷത്തെ കുറവ് ലഭിക്കാം. പുതിയ നിയമപരമായ പ്രവേശനമാർഗങ്ങളെ സ്വാഗതം ചെയ്ത യുഎൻഎച്ച്സിആർ, ഹ്രസ്വകാല താമസവ്യവസ്ഥകളും പൗരത്വം നേടുന്നതിനുള്ള നിയന്ത്രണങ്ങളും ദീർഘമായ സ്ഥിരതാമസ കാത്തിരിപ്പും ഒരുമിച്ച് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തിന്റെ സംരക്ഷണം ലഭിക്കാതെയും സുരക്ഷിതമായി മടങ്ങാനാകാതെയും പലായനം ചെയ്ത അഭയാർഥികൾക്ക് അഭയം അനുവദിക്കുന്നതിലുപരി സ്ഥിരതയുള്ള ഭാവിയും ആവശ്യമാണെന്ന് ഏജൻസി വ്യക്തമാക്കി.
ഹെലൻ ബാംബർ ഫൗണ്ടേഷനും പദ്ധതിക്കെതിരെ രംഗത്തെത്തി. പീഡനവും മനുഷ്യക്കടത്തും അതിക്രൂരമായ അനുഭവങ്ങളും അതിജീവിച്ചവർക്കുൾപ്പെടെ നീണ്ടുനിൽക്കുന്ന ദോഷമുണ്ടാക്കുന്നതാണ് തീരുമാനമെന്ന് സംഘടനയുടെ നയവിഭാഗം ഡയറക്ടർ കമേന ഡോർലിങ് പറഞ്ഞു. യുദ്ധവും പീഡനവും ഭയന്ന് ജീവൻ രക്ഷിക്കാൻ എത്തുന്നവരെ ഇത്തരം വ്യവസ്ഥകൾ പിന്തിരിപ്പിക്കില്ലെന്നാണ് സംഘടനയുടെ വിലയിരുത്തൽ. നിയമപരമായ പ്രവേശനമാർഗങ്ങൾ പരിമിതമായിരിക്കെ അപകടകരമായ യാത്രകൾ തുടരുമെന്നും അഭയാർഥികളായി അംഗീകരിക്കപ്പെട്ടവരെപ്പോലും പതിറ്റാണ്ടുകളുടെ അനിശ്ചിതത്വത്തിലാക്കുന്നത് സാമൂഹിക ഐക്യത്തെയും ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
English Summary: UNHCR has raised concerns that the UK’s proposed settlement waits of up to 30 years could undermine refugees’ stability and integration.
