ഹാർട്ടിൽപൂളിൽ മലയാളി വനിതകൾക്കായി 'WEGI' സംരംഭകത്വ പദ്ധതിയുമായി HIMA
ഹാർട്ടിൽപൂൾ മേഖലയിലെ മലയാളി വനിതകൾക്കായി HIMA പുതിയ വനിതാ സംരംഭകത്വ വികസന പദ്ധതി WEGI ആരംഭിക്കുന്നു.
ലണ്ടൻ : ഹാർട്ടിൽപൂൾ മേഖലയിലെ മലയാളി വനിതകൾക്കായി ഹാർട്ടിൽപൂൾ ഇൻഡോ-മലയാളി അസോസിയേഷൻ പുതിയ വനിതാ സംരംഭകത്വ വികസന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 'വിമൻ എന്റർപ്രൈസ് ഗ്രോത്ത് ഇനിഷ്യേറ്റീവ്' എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി, യുകെയിലെ മലയാളി വനിതകളുടെ ബിസിനസ് ആശയങ്ങൾക്കും കഴിവുകൾക്കും കൃത്യമായ പിന്തുണയും പരിശീലനവും നൽകി അവരെ വിജയകരമായ സംരംഭകരാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഹാർട്ടിൽപൂൾ മേഖലയിൽ മലയാളി വനിതകളെ ലക്ഷ്യമിട്ട് ഇത്തരമൊരു വിപുലമായ സംരംഭകത്വ പദ്ധതി ആരംഭിക്കുന്നത് ഇതാദ്യമായാണ്.
സ്വന്തമായി ഒരു ബിസിനസ് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ വീട്ടിലിരുന്ന് ചെറിയ രീതിയിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ഒപ്പം സ്വയംതൊഴിൽ സാധ്യതകൾ തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് WEGI വിഭാവനം ചെയ്തിരിക്കുന്നത്. പാചകം, ബേക്കിംഗ്, കൈത്തറി ഉൽപ്പന്നങ്ങൾ, ബ്യൂട്ടി ആൻഡ് വെൽനെസ്, ശിശുപരിചരണം, ഡിജിറ്റൽ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾക്ക് ആവശ്യമായ മാർഗനിർദേശം, മെന്ററിംഗ്, നെറ്റ്‌വർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.
പദ്ധതിയുടെ ഔദ്യോഗിക തുടക്കമെന്നോണം വരാനിരിക്കുന്ന ഓഗസ്റ്റ് 26ന് ആദ്യ WEGI വനിതാ സംരംഭക സമ്മേളനം സംഘടിപ്പിക്കും. പ്രമുഖ വനിതാ സംരംഭകരും ബിസിനസ് വിദഗ്ധരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ കരിയർ വർക്ക്‌ഷോപ്പുകൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ, പ്രായോഗിക ബിസിനസ് പാഠങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർട്ടിൽപൂളിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി വനിതകൾക്ക് തങ്ങളുടെ ബിസിനസ് സ്വപ്നങ്ങളിലേക്ക് ചുവടുവെക്കാൻ ഈ കൂട്ടായ്മ വലിയൊരു വേദിയാകുമെന്ന് HIMA ഭാരവാഹികൾ അറിയിച്ചു.
English Summary: HIMA is launching WEGI, a women’s entrepreneurship initiative for Malayali women in and around Hartlepool.
