ഗർഭസ്ഥശിശു മരിച്ചെന്ന് സ്ഥിരീകരിച്ചശേഷം ‘പ്രസവത്തിന് സമയം ബുക്ക് ചെയ്യാൻ’ നിർദേശം; വീഴ്ച സമ്മതിച്ച് ന്യൂകാസിൽ ആശുപത്രി
ഗർഭസ്ഥശിശുവിനെ നഷ്ടപ്പെട്ട ഡാനിയേൽ ബ്രൗണിന്റെ പരിചരണത്തിൽ വീഴ്ച സമ്മതിച്ച് ന്യൂകാസിൽ ആശുപത്രി ട്രസ്റ്റ്; കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചു, തുക വെളിപ്പെടുത്തിയിട്ടില്ല.
ലണ്ടൻ : ഗർഭസ്ഥശിശു മരിച്ചതായി സ്ഥിരീകരിച്ചശേഷം വീട്ടിലേക്ക് മടങ്ങി മറ്റൊരു ദിവസം പ്രസവത്തിനായി സമയം ബുക്ക് ചെയ്യാൻ ആശുപത്രി നിർദേശിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ നോർത്ത് ഷീൽഡ്സ് സ്വദേശിനി ഡാനിയേൽ ബ്രൗൺ ആണ് ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇൻഫർമറിയിൽ നേരിട്ട അനുഭവം പങ്കുവച്ചത്. 2023 ഫെബ്രുവരിയിൽ ഏഴുമാസം ഗർഭിണിയായിരിക്കെ ചികിത്സയിലുണ്ടായ വീഴ്ചയെക്കുറിച്ചുള്ള പരാതിയിൽ നഷ്ടപരിഹാരം ലഭിച്ചതിനു പിന്നാലെയാണ് പ്രതികരണം. ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വീട്ടിലേക്ക് അയച്ചില്ലായിരുന്നെങ്കിൽ കുഞ്ഞ് മെയ്‌സി രക്ഷപ്പെടുമായിരുന്നുവെന്ന് ന്യൂകാസിൽ അപോൺ ടൈൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് സമ്മതിച്ചു. നഷ്ടപരിഹാരത്തുക വെളിപ്പെടുത്തിയിട്ടില്ല.
ഗർഭകാലത്തെ ഗുരുതര സങ്കീർണതയായ പ്രീ-എക്ലാംപ്സിയ കണ്ടെത്തിയ ഡാനിയേലിനെ പ്രസവംവരെ ആശുപത്രിയിൽ നിരീക്ഷിക്കണമെന്ന് ഒരു കൺസൾട്ടന്റ് നിർദേശിച്ചിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പിലും ആശങ്കകൾ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റൊരു കൺസൾട്ടന്റിന്റെ പരിശോധനയ്ക്കുശേഷം 24 മണിക്കൂറിനുള്ളിൽ, ഫെബ്രുവരി 14ന്, വീട്ടിലേക്ക് വിട്ടു. അടുത്ത ദിവസം വീണ്ടും അസ്വസ്ഥതകൾ അറിയിച്ചപ്പോൾ വയറിലെ അണുബാധയായിരിക്കാമെന്നായിരുന്നു മറുപടിയെന്ന് ഡാനിയേൽ പറഞ്ഞു. നേരിട്ട് പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയ അവർക്ക് പരിശോധനയ്ക്കായി 90 മിനിറ്റ് കാത്തിരിക്കേണ്ടിവന്നു. തുടർന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കണ്ടെത്താനായില്ലെന്നും കുഞ്ഞ് മരിച്ചെന്നും അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാതെ, കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുള്ള ലഘുലേഖ നൽകി പ്രസവത്തിന് മറ്റൊരു ദിവസം സമയം ബുക്ക് ചെയ്യാൻ പറഞ്ഞുവെന്നാണ് അവരുടെ ആരോപണം.
കുഞ്ഞിനെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കരുതലോടെയുള്ള പിന്തുണ ഉറപ്പാക്കണമെന്നും പ്രസവപരിചരണത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്നും ഡാനിയേൽ ആവശ്യപ്പെട്ടു. കുഞ്ഞിനോട് വിടപറഞ്ഞശേഷം മറ്റ് മാതാപിതാക്കൾ നവജാതശിശുക്കളുമായി മടങ്ങുന്ന പ്രസവവാർഡിലൂടെ നടക്കേണ്ടിവന്ന അനുഭവം മറക്കാനാകില്ലെന്നും അവർ പറഞ്ഞു. ഡാനിയേലിനും പങ്കാളി ആന്റണി മില്ലറിനും പിന്നീട് ഹാരിസൺ എന്ന മകൻ ജനിച്ചു. കുടുംബത്തിന് ലഭിക്കേണ്ട നിലവാരത്തിലുള്ള പരിചരണം നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് അംഗീകരിച്ച ആശുപത്രി ട്രസ്റ്റ് ഹൃദയപൂർവം ക്ഷമ ചോദിച്ചു. 2023ലെ വിശദമായ അവലോകനത്തിനുശേഷം അപ്രതീക്ഷിത ലക്ഷണങ്ങളോ സങ്കീർണതകളോ ഉള്ള ഗർഭിണികളുടെ അടിയന്തര പരിശോധന മെച്ചപ്പെടുത്തിയതായും ട്രസ്റ്റ് അറിയിച്ചു.
English Summary: A Newcastle NHS trust admitted care failings after a woman lost her unborn baby and was told to book a later delivery.
