ജീവിതച്ചെലവ് കുറയ്ക്കാൻ പ്രഖ്യാപിച്ച സഹായങ്ങൾ മതിയല്ലെന്ന് ബേൺഹാം; കൂടുതൽ നടപടികൾ ബജറ്റിൽ സൂചന
ജീവിതച്ചെലവ് കുറയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച നിലവിലെ നടപടികൾ മതിയല്ലെന്നും കൂടുതൽ സഹായം ബജറ്റിൽ പരിഗണിക്കുമെന്നും പ്രധാനമന്ത്രി ആൻഡി ബേൺഹാം.
ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി നേരിടാൻ സർക്കാർ ഇതുവരെ പ്രഖ്യാപിച്ച സഹായങ്ങൾ മാത്രം മതിയാകില്ലെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം സമ്മതിച്ചു. കുടുംബങ്ങളുടെ ചെലവ് സമ്മർദ്ദം കുറയ്ക്കാൻ ചെറിയതെങ്കിലും പല നടപടികളും തുടർച്ചയായി കൊണ്ടുവരുമെന്നും അവ ഒത്തുചേർന്ന് ജനങ്ങൾക്ക് ആശ്വാസമാകുമെന്നുമാണ് അദ്ദേഹം BBCയുടെ Wake Up to Money പരിപാടിയിൽ പറഞ്ഞത്. ഗാർഹിക വൈദ്യുതി ബില്ലുകളിൽ നിന്ന് VAT നീക്കുന്നതും ‘subscription traps’ അവസാനിപ്പിക്കുന്ന നടപടി നേരത്തെയാക്കുന്നതും ഉൾപ്പെടെ സർക്കാർ ഇതിനകം ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
റെയിൽ നിരക്കുകൾ പുനഃക്രമീകരിക്കാനും ഊർജം, വെള്ളം, ഭവനം തുടങ്ങിയ അവശ്യ സേവനങ്ങളിൽ കൂടുതൽ പൊതുനിയന്ത്രണം കൊണ്ടുവരാനുമാണ് സർക്കാർ ആലോചിക്കുന്നതെന്ന് ബേൺഹാം വ്യക്തമാക്കി. പുതിയ വൈദ്യുതി പൈലണുകളുടെയും സബ്‌സ്റ്റേഷനുകളുടെയും 500 മീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് പത്ത് വർഷത്തേക്ക് പ്രതിവർഷം 250 പൗണ്ട് വൈദ്യുതി ബിൽ ഇളവ് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം, ഊർജം തുടങ്ങിയ മേഖലകളിൽ പൊതുനിയന്ത്രണം വർധിപ്പിച്ചാൽ ജീവിതച്ചെലവ് പ്രശ്നത്തിന് കൂടുതൽ ശക്തമായ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
ഒക്ടോബർ 28ന് അവതരിപ്പിക്കുന്ന ബജറ്റിൽ ജീവിതച്ചെലവ് കുറയ്ക്കാനുള്ള കൂടുതൽ നടപടികൾ പരിഗണിക്കാൻ ചാൻസലർ ജോൺ ഹീലിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇത് ബജറ്റിന്റെ പ്രധാന മുൻഗണനയായിരിക്കുമെന്നും ബേൺഹാം പറഞ്ഞു. അതേസമയം, സർക്കാരിന്റെ ചെലവുകൾക്ക് കടുത്ത നിയന്ത്രണം തുടരുമെന്ന നിലപാടിലാണ് ചാൻസലർ. ബിസിനസുകൾക്ക് ദേശീയ ഇൻഷുറൻസ് വർധന അധിക സമ്മർദ്ദം സൃഷ്ടിച്ചതായി സമ്മതിച്ച ബേൺഹാം, business rates ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കാനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ പുതിയ സാമ്പത്തിക വാഗ്ദാനങ്ങൾ ഇപ്പോൾ നൽകില്ലെന്നും അന്തിമ തീരുമാനങ്ങൾ ബജറ്റിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary: Prime Minister Andy Burnham has admitted current cost-of-living measures are not enough and signalled further support in the October Budget.
