യുകെയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മിന്നൽപ്രളയവും യാത്രാ തടസ്സവും സാധ്യത
Yellow thunderstorm warnings have been issued across parts of the UK, with flash flooding, travel disruption and heavy rainfall expected.
ലണ്ടൻ : യുകെയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. നോർത്തേൺ ഇംഗ്ലണ്ട്, നോർത്തേൺ അയർലണ്ട്, ഈസ്റ്റേൺ സ്കോട്‌ലൻഡ് എന്നിവിടങ്ങളിൽ യെല്ലോ തണ്ടർസ്റ്റോം വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങാനും റോഡ്, റെയിൽ ഗതാഗതം വൈകാനും വൈദ്യുതി മുടക്കം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നോർത്തേൺ അയർലണ്ടിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ അർധരാത്രിവരെയും അബർഡീൻ ഉൾപ്പെടുന്ന വടക്കുകിഴക്കൻ സ്കോട്‌ലൻഡിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയും മുന്നറിയിപ്പ് നിലവിലുണ്ട്. മാഞ്ചസ്റ്റർ, ന്യൂകാസിൽ അപ്പൺ ടൈൻ ഉൾപ്പെടുന്ന വടക്കൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി 7 മുതൽ വ്യാഴാഴ്ച രാവിലെ 10 വരെയാണ് മുന്നറിയിപ്പ്. മിന്നൽ, ആലിപ്പഴം, ഇടിമുഴക്കം എന്നിവയും ഉണ്ടാകാം. വ്യാഴാഴ്ചയോടെ ശക്തമായ മഴയുടെ സാധ്യത മിഡ്‌ലാൻഡ്സ്, ലിങ്കൺഷയർ, ഈസ്റ്റ് ആംഗ്ലിയ, തെക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്ക് മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഏകദേശം രണ്ട് മാസമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്കു ശേഷമാണ് ശക്തമായ മഴ തിരിച്ചെത്തുന്നത്. 2026 ജൂലൈ ഇംഗ്ലണ്ടും വെയിൽസും രേഖപ്പെടുത്തിയ ഏറ്റവും വരണ്ട ജൂലൈയായിരുന്നുവെന്നും ഇംഗ്ലണ്ടിന്റെ 71.3 ശതമാനം പ്രദേശവും വരൾച്ചയിൽ ആണെന്നും അധികൃതർ പറയുന്നു. കനത്ത മഴ ചില പ്രദേശങ്ങൾക്ക് ആശ്വാസമാകുമെങ്കിലും കട്ടിയായി ഉണങ്ങിയ മണ്ണിലൂടെ വെള്ളം വേഗത്തിൽ ഒഴുകുന്നതിനാൽ മിന്നൽപ്രളയ സാധ്യത കൂടുതലാണെന്ന് എൻവയോൺമെന്റ് ഏജൻസി മുന്നറിയിപ്പ് നൽകി. നിലവിലുള്ള ഹോസ്‌പൈപ്പ് നിരോധനം ഉടൻ പിൻവലിക്കാനിടയില്ലെന്നും ജലനിരപ്പ് പുനഃസ്ഥാപിക്കാൻ തുടർച്ചയായ ശക്തമായ മഴ ആവശ്യമായിരിക്കുമെന്നും ജല കമ്പനികൾ വ്യക്തമാക്കി.
