യുകെ വിമാനത്താവളങ്ങളിൽ ഡ്രോപ്പ് ഓഫ് നിരക്ക് £10 വരെ; പുനഃപരിശോധനയ്ക്ക് സർക്കാർ
വിമാനത്താവളങ്ങളിലെ ഡ്രോപ്പ് ഓഫ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ സർക്കാർ പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നു; നിരക്ക് കുറയ്ക്കാനോ ഒഴിവാക്കാനോ പ്രഖ്യാപനമില്ല.
ലണ്ടൻ : യുകെയിലെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാരെ വാഹനത്തിൽ എത്തിച്ച് ഇറക്കിവിടുന്നതിനുള്ള ഡ്രോപ്പ് ഓഫ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ വിഷയം പുനഃപരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നു. വാഹനയാത്രക്കാരുടെ സംഘടനയായ ആർഎസിയുടെ പഠനമനുസരിച്ച്, നിരക്കുകൾ 2025ലെ വേനൽക്കാലത്തേക്കാൾ ശരാശരി മൂന്നിലൊന്ന് വർധിച്ചു. ഗാറ്റ്വിക്കിലും സ്റ്റാൻസ്റ്റഡിലും ഏഴ് പൗണ്ടായിരുന്ന നിരക്ക് പത്ത് പൗണ്ടായി ഉയർന്നു. എഡിൻബറയിൽ ആറുപൗണ്ടിൽനിന്ന് 8.50 പൗണ്ടായും ബോൺമത്തിൽ അഞ്ചുപൗണ്ടിൽനിന്ന് എട്ടുപൗണ്ടായും നിരക്ക് വർധിച്ചു. ലീഡ്സ് ബ്രാഡ്ഫോർഡിലും ലണ്ടൻ സിറ്റിയിലും എട്ടുപൗണ്ടാണ് നിരക്ക്.
സമയം അടിസ്ഥാനമാക്കിയുള്ള താരതമ്യത്തിൽ ലണ്ടൻ സിറ്റിയാണ് ഏറ്റവും ചെലവേറിയത്. ഇവിടെ അഞ്ചുമിനിറ്റിന് എട്ടുപൗണ്ട് നൽകണം; മിനിറ്റിന് 1.60 പൗണ്ടിന് തുല്യമാണിത്. ബെൽഫാസ്റ്റ് ഇന്റർനാഷണലിൽ പത്തുമിനിറ്റിന് അഞ്ചുപൗണ്ടാണ് ഈടാക്കുന്നത്, കഴിഞ്ഞവർഷത്തേക്കാൾ രണ്ടുപൗണ്ട് കൂടുതൽ. ആർഎസി സർവേയിൽ പങ്കെടുത്ത അഞ്ചിൽ നാല് ഡ്രൈവർമാരും നിരക്കുകൾ അന്യായമാണെന്ന് അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയനിലെ പ്രധാന പത്ത് വിമാനത്താവളങ്ങളിൽ ഡ്രോപ്പ് ഓഫ് നിരക്കില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർക്ക് നീതിപൂർവമായ പരിഗണന ഉറപ്പാക്കുകയാണ് പുനഃപരിശോധനയുടെ ലക്ഷ്യമെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി.
പൊതുഗതാഗത സൗകര്യങ്ങൾ പരിമിതമായ വിമാനത്താവളങ്ങളിൽ നിരക്കുവർധനയിൽ മിതത്വം പാലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, നടത്തിപ്പിന് ഈ വരുമാനം ആവശ്യമാണെന്നാണ് വിമാനത്താവളങ്ങളെ പ്രതിനിധീകരിക്കുന്ന എയർപോർട്ട്സ് യുകെയുടെ നിലപാട്. വിദേശത്തെ പല വിമാനത്താവളങ്ങൾക്കും സർക്കാർ സഹായവും നികുതിയിളവും ലഭിക്കുമ്പോൾ യുകെയിലെ വിമാനത്താവളങ്ങൾ പൊതുവേ സ്വകാര്യ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നതെന്നും സൗജന്യ ഡ്രോപ്പ് ഓഫ് കേന്ദ്രങ്ങൾ ലഭ്യമാണെന്നും സംഘടന പറയുന്നു. നിരക്കുകൾ കുറയ്ക്കാനോ പൂർണമായി ഒഴിവാക്കാനോ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യാത്രയ്ക്കുമുമ്പ് അതത് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിലവിലെ നിരക്കും സൗജന്യ സൗകര്യങ്ങളും പരിശോധിക്കണം.
English Summary: The UK government is preparing to review airport drop-off charges after sharp increases, with fees reaching £10 at Gatwick and Stansted.
