ലണ്ടൻ സിറ്റിയിൽ ഇ-ബൈക്ക് കമ്പനികൾക്ക് 10,000 പൗണ്ട് വരെ പിഴ
നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ഇ-ബൈക്ക് കമ്പനികൾക്ക് ലണ്ടൻ സിറ്റിയിൽ 10,000 പൗണ്ട് വരെ പിഴ ചുമത്താൻ നീക്കം.
ലണ്ടൻ : ഇ-ബൈക്കുകൾ നടപ്പാതകളിലും റോഡുകളിലും അനിയന്ത്രിതമായി ഉപേക്ഷിക്കുന്ന പ്രശ്നം നിയന്ത്രിക്കാൻ കമ്പനികൾക്ക് 10,000 പൗണ്ട് വരെ പിഴ ചുമത്താനുള്ള നടപടിയുമായി സിറ്റി ഓഫ് ലണ്ടൻ. നിർദേശിച്ച പാർക്കിങ് സ്ഥലങ്ങൾക്ക് പുറത്തുവെക്കുന്ന ബൈക്കുകൾ കാൽനടയാത്രക്കാർക്കും ഭിന്നശേഷിക്കാർക്കും അപകടം സൃഷ്ടിക്കുന്നുവെന്ന പരാതികൾ വർധിച്ചതിനെ തുടർന്നാണ് നടപടി.
ഇ-ബൈക്ക് കമ്പനികൾ ഉപയോക്താക്കൾക്ക് വ്യക്തമായ പാർക്കിങ് നിർദേശങ്ങൾ നൽകുകയും തെറ്റായി പാർക്ക് ചെയ്ത ബൈക്കുകൾ വേഗത്തിൽ നീക്കുകയും വേണം. നിയമലംഘനം ആവർത്തിച്ചാൽ പിഴയ്ക്കൊപ്പം പ്രവർത്തനാനുമതിയിലും നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്ന സംവിധാനം പരിഗണിക്കുന്നുണ്ട്.
സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാർഗമായി ഇ-ബൈക്കുകൾ പ്രോത്സാഹിപ്പിക്കുമ്പോഴും പൊതുസ്ഥലങ്ങൾ തടസ്സപ്പെടാൻ അനുവദിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനികളുമായി ചേർന്ന് കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
English Summary: E-bike operators in the City of London could face fines of up to £10,000 for repeated breaches.
