യുകെയിൽ കടുത്ത ചൂടിന് താൽക്കാലിക ആശ്വാസം; വാരാന്ത്യത്തോടെ വീണ്ടും ഹീറ്റ് വേവ് സാധ്യതയെന്ന് മുന്നറിയിപ്പ്
റെക്കോർഡ് ചൂടിന് ശേഷം യുകെയിൽ ഈ ആഴ്ച താപനില കുറയുമെങ്കിലും വാരാന്ത്യത്തോടെ വീണ്ടും ഹീറ്റ് വേവ് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ലണ്ടൻ : റെക്കോർഡുകൾ തകർത്ത കടുത്ത ചൂടിന് ശേഷം യുകെയിൽ താപനില താൽക്കാലികമായി കുറയുമെങ്കിലും ഈ ആശ്വാസം അധികനാൾ നീണ്ടുനിൽക്കില്ലെന്ന് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ആഴ്ച തുടർച്ചയായി മൂന്ന് ദിവസമാണ് ജൂൺ മാസത്തെ മുൻകാല റെക്കോർഡുകളെല്ലാം തകർത്തുകൊണ്ട് രാജ്യം ഉരുകിപ്പഴുത്തത്. സഫോക്കിലെ സാന്റൺ ഡൗൺഹാമിൽ താപനില 37.3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ 1976ൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസിന്റെ റെക്കോർഡാണ് വഴിമാറിയത്. എന്നാൽ ഈ ആഴ്ച അറ്റ്ലാന്റിക്കിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ കാറ്റുകൾ എത്തുന്നതോടെ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും നേരിയ ശമനമുണ്ടാകും.
തിങ്കളാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയും ഇടവിട്ടുള്ള സൂര്യപ്രകാശവുമാണ് പ്രതീക്ഷിക്കുന്നത്. മിഡ്‌ലാൻഡ്സിലും കിഴക്കൻ ഇംഗ്ലണ്ടിലുമാണ് കൂടുതൽ താപനില അനുഭവപ്പെടാൻ സാധ്യതയെങ്കിലും ഇത് പരമാവധി 24 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ മാത്രമായി ഒതുങ്ങും. ചൊവ്വാഴ്ച മുതൽ വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച അറ്റ്ലാന്റിക്കിൽ നിന്നുള്ള പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി നോർത്ത് അയർലണ്ടിലും സ്കോട്ട്ലൻഡിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടാമെങ്കിലും വ്യാഴാഴ്ചയോടെ കാലാവസ്ഥ വീണ്ടും വരണ്ട നിലയിലേക്ക് മാറും.
എന്നാൽ ആഴ്ചാവസാനത്തോടെ അസോർസ് മേഖലയിൽ നിന്നുള്ള ഉയർന്ന മർദ്ദം ശക്തമാകുന്നതോടെ വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും യുകെയിൽ വീണ്ടും താപനില ഉയർന്നേക്കാം. തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ താപനില വീണ്ടും ഹീറ്റ് വേവ് പരിധി കടക്കാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ ഇത് 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം കാരണം യുകെയിൽ ഹീറ്റ് വേവുകൾ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും വരും മാസങ്ങളിലും ഇടയ്ക്കിടെ കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
English Summary: The UK will get temporary relief from record heat this week, but another heatwave could develop by the weekend.
