ഇംഗ്ലണ്ടിലെ £2 ബസ് നിരക്ക് പദ്ധതിക്ക് വിദേശസഹായ ഫണ്ട്; വിമർശനം ശക്തം
ഇംഗ്ലണ്ടിലെ രണ്ട് പൗണ്ട് ബസ് നിരക്ക് പദ്ധതിക്ക് വിദേശസഹായ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ വിമർശനം ശക്തമായി.
ലണ്ടൻ : ഇംഗ്ലണ്ടിലെ ബസ് യാത്രാനിരക്കിന്റെ പരമാവധി മൂന്ന് പൗണ്ടിൽ നിന്ന് രണ്ട് പൗണ്ടാക്കി കുറയ്ക്കാനുള്ള സർക്കാർ പദ്ധതിക്ക് വിദേശസഹായ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ വിമർശനം ശക്തമാകുന്നു. 2027 മുതൽ നടപ്പാക്കുന്ന പദ്ധതിക്ക് 500 മില്യൺ പൗണ്ടിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസം നൽകാനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് നിരക്ക് കുറയ്ക്കുന്നതെന്ന് സർക്കാർ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെയും ചെറുപട്ടണങ്ങളിലെയും യാത്രക്കാർക്ക് പദ്ധതി പ്രത്യേകമായി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ വികസന രാജ്യങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ, ദുരിതാശ്വാസ പദ്ധതികൾക്കായി മാറ്റിവച്ച പണം ആഭ്യന്തര ഗതാഗത പദ്ധതിക്ക് ഉപയോഗിക്കുന്നത് തെറ്റായ മുൻഗണനയാണെന്ന് സഹായസംഘടനകൾ വിമർശിച്ചു. പദ്ധതിയുടെ ധനസ്രോതസ്സ് സർക്കാർ പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
English Summary: The government faces criticism for using foreign aid funds to support England’s £2 bus fare cap.
