കുടിയേറ്റ പരിശോധനയ്ക്ക് മുഖം തിരിച്ചറിയുന്ന ക്യാമറകൾ; പൊതുസ്ഥലങ്ങളിൽ ഉപയോഗം വ്യാപിപ്പിക്കാൻ ഹോം ഓഫീസ്
കുടിയേറ്റനിയമ നിർവഹണത്തിന് ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗം വ്യാപിപ്പിക്കാൻ ഹോം ഓഫീസ്; സ്വകാര്യതയിലും സ്വതന്ത്ര മേൽനോട്ടത്തിലും ആശങ്ക.
ലണ്ടൻ : കുടിയേറ്റനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നവരെ കണ്ടെത്താൻ ഗതാഗതകേന്ദ്രങ്ങളിലും പൊതുപരിപാടികളിലും ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നതിനുള്ള പദ്ധതി വികസിപ്പിച്ച് യുകെ ഹോം ഓഫീസ്. തത്സമയ ക്യാമറദൃശ്യങ്ങളിലെ മുഖങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ നിരീക്ഷണപ്പട്ടികയുമായി താരതമ്യം ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് തിരിച്ചെത്താൻ ശ്രമിക്കുന്നവർ, രാജ്യം വിടാനുള്ള നടപടികൾ നേരിടുന്നവർ, താമസാനുമതിയുടെ വ്യവസ്ഥകൾ പാലിക്കാത്തവർ തുടങ്ങിയവരെ കണ്ടെത്താൻ സംവിധാനം ഉപയോഗിക്കാനാണ് നീക്കം. ഒക്ടോബറിൽ പുറത്തുവന്ന നയരേഖകളിലാണ് വിശദാംശങ്ങൾ. എന്നാൽ രാജ്യവ്യാപകമായി സംവിധാനം പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും കൂടുതൽ പരീക്ഷണങ്ങൾ പരിഗണിക്കുകയാണെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരിവരെ വടക്കൻ വെയിൽസിലെ ഹോളിഹെഡ് തുറമുഖത്ത് മൂന്ന് പരീക്ഷണങ്ങൾ നടത്തിയിരുന്നു. അയർലൻഡിൽനിന്ന് എത്തുന്നവരിൽ നാടുകടത്തൽ ഉത്തരവ് ലംഘിക്കുന്നവരെയും കുടിയേറ്റബന്ധിത കുറ്റത്തിന് വാറന്റുള്ളവരെയും കണ്ടെത്തുന്നതിലായിരുന്നു ശ്രദ്ധ. പുതിയ രേഖകൾ പ്രകാരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്ത ചില കുടിയേറ്റനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടവരെയും ഭാവിയിൽ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്താം. പതിനെട്ട് വയസ്സിന് താഴെയുള്ളവരെ പട്ടികയിൽ ചേർക്കില്ലെന്ന് നയം വ്യക്തമാക്കുന്നു. വീടുകളിലും തൊഴിലിടങ്ങളിലും ആവർത്തിച്ച് പരിശോധന നടത്തുന്നതിനെക്കാൾ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാൻ ക്യാമറകൾ സഹായിക്കുമെന്നാണ് ഹോം ഓഫീസിന്റെ വാദം. കുടിയേറ്റനിയമ നിർവഹണത്തിനുള്ള ബജറ്റ് ഇരട്ടിയാക്കാനും ജീവനക്കാരുടെ എണ്ണം 60 ശതമാനം വർധിപ്പിക്കാനുമുള്ള തീരുമാനത്തിനിടെയാണ് നീക്കം.
അതേസമയം, പൊതുസ്ഥലങ്ങളിലെ വ്യാപക നിരീക്ഷണത്തിലേക്കുള്ള ആശങ്കാജനകമായ ചുവടുവയ്പാണിതെന്ന് മനുഷ്യാവകാശ–ഡിജിറ്റൽ അവകാശ സംഘടനകൾ വിമർശിച്ചു. സുതാര്യതയും പൊതുസമ്മതവും മതിയായ പരിശോധനയും ഇല്ലാതെ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നുവെന്നും മുഖം തിരിച്ചറിയുന്നതിലെ വംശീയ പക്ഷപാതം കുടിയേറ്റ സമൂഹങ്ങളെ ബാധിക്കാമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ബയോമെട്രിക്സ് ആൻഡ് സർവെയ്ലൻസ് ക്യാമറ കമ്മിഷണറുടെയും ഇൻഫർമേഷൻ കമ്മിഷണറുടെയും മേൽനോട്ടത്തിന് പദ്ധതി വിധേയമാണെന്നാണ് നയരേഖ പറയുന്നത്. എന്നാൽ നയത്തെക്കുറിച്ച് തന്നെ സമീപിച്ചിട്ടില്ലെന്നും കുടിയേറ്റ ആവശ്യങ്ങൾക്കുള്ള ഇത്തരം ഉപയോഗം തന്റെ അധികാരപരിധിയിൽ വരില്ലെന്നും കമ്മിഷണർ വില്യം വെബ്സ്റ്റർ വ്യക്തമാക്കി. ഇതോടെ സംവിധാനത്തിന്റെ സ്വതന്ത്ര മേൽനോട്ടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്.
English Summary: The UK Home Office is developing wider use of live facial recognition for immigration enforcement, prompting concerns over privacy, bias and oversight.
