യുകെയിൽ ജൂൺ മാസത്തിലെ ഏറ്റവും ചൂടേറിയ ദിവസം; ഹാംഷെയറിൽ 36.1 ഡിഗ്രി രേഖപ്പെടുത്തി
യുകെയിൽ ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി; ഹാംഷെയറിൽ 36.1 ഡിഗ്രി, സ്കൂളുകൾക്കും ട്രെയിൻ സർവീസുകൾക്കും തടസ്സം.
ലണ്ടൻ : യുകെയിൽ ജൂൺ മാസത്തിലെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തി. ഹാംഷെയറിലെ ഗോസ്‌പോർട്ടിൽ ബുധനാഴ്ച ഉച്ചയ്ക്ക് 36.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് അറിയിച്ചു. 1976-ൽ സതാംപ്ടണിലും 1957-ൽ കാംഡനിലും രേഖപ്പെടുത്തിയ 35.6 ഡിഗ്രി എന്ന പഴയ ജൂൺ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഈ കണക്ക് താൽക്കാലികമാണെന്നും, അന്തിമ സ്ഥിരീകരണത്തിന് മുമ്പ് പരിശോധനകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു.
കടുത്ത ചൂടിനെ തുടർന്ന് ഇംഗ്ലണ്ടിലും വെയിൽസിലും നൂറുകണക്കിന് സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ട്രെയിൻ യാത്രകൾക്കും വലിയ ബാധയുണ്ടായി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിരവധി ട്രെയിൻ കമ്പനികൾ യാത്രക്കാരോട് നിർദേശിച്ചു. ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാൻഡ്സ്, വെയിൽസ് എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂട് മുന്നറിയിപ്പ് തുടരുകയാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചൂട് തുടരുമെന്നും ചില പ്രദേശങ്ങളിൽ 38 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
ആരോഗ്യ വിഭാഗം ജനങ്ങളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. കടുത്ത ചൂട് ആരോഗ്യവാന്മാർക്കും അപകടസാധ്യത സൃഷ്ടിക്കാമെന്നും, വെള്ളം ധാരാളം കുടിക്കുക, ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശത്തിൽ പോകുന്നത് ഒഴിവാക്കുക, വീടുകൾ തണുപ്പായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പ്രായമായവർ, കുട്ടികൾ, രോഗികൾ, പുറത്ത് ജോലി ചെയ്യുന്നവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം. ചൂട് മൂലം കടൽത്തീരങ്ങളിലും തടാകങ്ങളിലും ആളുകൾ കൂടുന്നതിനാൽ ജലസുരക്ഷയിലും അധിക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary: The UK has recorded its hottest June day on record, with 36.1C measured in Hampshire amid school closures and travel disruption.
