എൻഎച്ച്എസ് പ്രസവ പരിചരണത്തിൽ വൻ വീഴ്ച; 500-ലധികം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ദാരുണാന്ത്യവും ഗുരുതര പരിക്കുകളും
നോട്ടിങ്ഹാം എൻഎച്ച്എസ് ആശുപത്രികളിലെ പ്രസവ പരിചരണ വീഴ്ചകളിൽ 500-ലധികം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മരണമോ ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായതായി ഒക്കൻഡൻ റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ വായിക്കാം.
ലണ്ടൻ : എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രസവ പരിചരണ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ ആവശ്യത്തിന് പരിചരണം ലഭിക്കാത്തതിനെ തുടർന്ന് അഞ്ഞൂറിലധികം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒഴിവാക്കാമായിരുന്ന മരണമോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മുതിർന്ന മിഡ്‌വൈഫ് ഡോണ ഒക്കൻഡൻ നയിച്ച അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കൃത്യമായ സമയത്ത് ശരിയായ രീതിയിലുള്ള പരിചരണം ലഭിച്ചിരുന്നെങ്കിൽ 260 കുഞ്ഞുങ്ങളുടെ അവസ്ഥ മാറ്റാനാകുമായിരുന്നുവെന്നും അതിൽ 155 കുഞ്ഞുങ്ങളുടെ മരണം ഒഴിവാക്കാമായിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ബാക്കി 105 കുട്ടികൾക്ക് ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്.
2010 മുതൽ തന്നെ നോട്ടിങ്ഹാമിലെ പ്രസവ വിഭാഗങ്ങളിൽ ഗുരുതരമായ പോരായ്മകൾ നിലനിന്നിരുന്നുവെങ്കിലും അധികൃതർ ഇത് പരിഹരിക്കാൻ യഥാസമയം നടപടികൾ സ്വീകരിച്ചിരുന്നില്ല. ജീവനക്കാരുടെ കടുത്ത ക്ഷാമം, ആവശ്യമായ അടിസ്ഥാന പരിശീലനത്തിന്റെ കുറവ്, പ്രസവവേദനയുമായി എത്തുന്ന സ്ത്രീകളോടുള്ള ക്രൂരമായ പെരുമാറ്റം, കുടുംബങ്ങൾ പങ്കുവെക്കുന്ന ആശങ്കകളെ പൂർണ്ണമായി അവഗണിക്കുക എന്നിവയായിരുന്നു പ്രധാന വീഴ്ചകൾ. ചില സമയങ്ങളിൽ സഹായം തേടിയെത്തിയവരോട് ദാക്ഷിണ്യമില്ലാതെ കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുഞ്ഞുങ്ങൾ മരണപ്പെട്ടതിന് ശേഷം ആ കുടുംബങ്ങൾക്ക് നൽകേണ്ട പരിചരണത്തിലും കൗൺസിലിംഗിലും വലിയ തോതിലുള്ള അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഏകദേശം രണ്ടായിരത്തിയഞ്ഞൂറോളം കുടുംബങ്ങളും എണ്ണൂറിലധികം ജീവനക്കാരും നൽകിയ മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വിപുലമായ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വർഷങ്ങളായി നീതിക്കായി പോരാടുന്ന നിരവധി കുടുംബങ്ങളുടെ നിരന്തരമായ ശ്രമ ഫലമായാണ് ഇപ്പോൾ ഈ സത്യാവസ്ഥകൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ വ്യക്തമാക്കി. രോഗികളുടെ അവസ്ഥ മോശമാകുമ്പോൾ കുടുംബങ്ങൾക്ക് രണ്ടാമതൊരു വിദഗ്ദ്ധ അഭിപ്രായം തേടാൻ അനുവാദം നൽകുന്ന മാർത്താസ് റൂൾ രാജ്യവ്യാപകമായി കൂടുതൽ ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി ട്രസ്റ്റ് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചെങ്കിലും വാക്കുകളിലല്ല പ്രവൃത്തിയിലാണ് തങ്ങൾക്ക് വിശ്വാസമെന്നാണ് ഇരയായ കുടുംബങ്ങൾ പ്രതികരിച്ചത്.
English Summary: The Ockenden report exposed severe maternity care failings at Nottingham hospitals resulting in avoidable deaths and injuries for over 500 mothers and babies.
