ഐഎൽആർ ചട്ടങ്ങളിൽ കെയർ ജീവനക്കാർക്ക് ഇളവ്; മറ്റുള്ളവരിൽ പലർക്കും പത്തുവർഷം കാത്തിരിപ്പ്
യോഗ്യരായ കെയർ ജീവനക്കാർക്ക് അഞ്ചുവർഷത്തെ ഐഎൽആർ വഴി നിലനിർത്തുന്ന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മറ്റു നിരവധി കുടിയേറ്റക്കാരുടെ കാത്തിരിപ്പ് പത്തുവർഷമാക്കാനുള്ള നീക്കം തുടരും.
ലണ്ടൻ : മന്ത്രിസഭയ്ക്കുള്ളിലെ എതിർപ്പിനും ആരോഗ്യരംഗത്തെ യൂണിയനുകളുടെ സമ്മർദത്തിനും പിന്നാലെ സ്ഥിരതാമസാനുമതിയായ ഐഎൽആർ സംബന്ധിച്ച പരിഷ്‌കാരങ്ങളിൽ കെയർ ജീവനക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ്. കെയർ ജീവനക്കാർക്ക് 15 വർഷം വരെ കാത്തിരിപ്പ് ഏർപ്പെടുത്താനുള്ള മുൻ നിർദേശത്തിൽനിന്നാണ് സർക്കാർ പിന്മാറിയത്. പുതുക്കിയ നിർദേശപ്രകാരം പ്രതിവർഷം 25,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള യോഗ്യരായ കെയർ ജീവനക്കാർക്ക് അഞ്ചുവർഷത്തിനുശേഷം അപേക്ഷിക്കാം. ഏകദേശം 2.8 ലക്ഷം കെയർ ജീവനക്കാരും അവരുടെ ആശ്രിതരും ഉൾപ്പെടുന്ന വിഭാഗത്തിന് ഇളവ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റനേകം കുടിയേറ്റക്കാർക്ക് യോഗ്യതാകാലം അഞ്ചിൽനിന്ന് പത്തുവർഷമാക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകും. ഇതിനകം യുകെയിലുള്ളവരെയും മാറ്റങ്ങൾ ബാധിക്കുമെന്നതാണ് പ്രധാന വിമർശനം.
ഉയർന്ന വരുമാനവും പൊതുസേവനത്തിലെ സംഭാവനയും അടിസ്ഥാനമാക്കി സ്ഥിരതാമസത്തിന് വ്യത്യസ്ത യോഗ്യതാകാലങ്ങളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പ്രതിവർഷം 1.25 ലക്ഷം പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്നവർക്ക് മൂന്നുവർഷത്തിനുശേഷവും 50,271 പൗണ്ടിൽ കൂടുതൽ വരുമാനമുള്ളവർക്കും ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ തുടങ്ങിയ ചില പൊതുസേവന വിഭാഗങ്ങൾക്കും അഞ്ചുവർഷത്തിനുശേഷവും അപേക്ഷിക്കാനാകും. ഇളവുകളിൽ ഉൾപ്പെടാത്ത കുറഞ്ഞ വരുമാനക്കാരിൽ പലർക്കും പത്തുവർഷം കാത്തിരിക്കേണ്ടിവരും. ഏകദേശം അഞ്ചുലക്ഷം കുടിയേറ്റക്കാരുടെ കാത്തിരിപ്പ് നീളുമെന്നാണ് ഹോം ഓഫീസിന്റെ കണക്ക്. അഭയാർഥികൾക്കും കൂടുതൽ കർശന വ്യവസ്ഥകളാണ് നിർദേശിച്ചിരിക്കുന്നത്; നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെ എത്തിയതും തൊഴിൽ ലഭിക്കാത്തതും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കാത്തിരിപ്പ് 30 വർഷം വരെ നീണ്ടേക്കും.
നിലവിലെ ചട്ടങ്ങൾ വിശ്വസിച്ച് ജീവിതം ക്രമീകരിച്ചവരുടെ യോഗ്യതാകാലം പിന്നീട് മാറ്റുന്നത് അനീതിയാണെന്ന് ലേബർ എംപിമാരും മനുഷ്യാവകാശ സംഘടനകളും വിമർശിച്ചു. വ്യക്തികളും കുടുംബങ്ങളും തൊഴിലുടമകളും ആശ്രയിക്കുന്ന നിയമപരമായ ഉറപ്പിനെ ഇത് ദുർബലപ്പെടുത്തുമെന്ന് ലോ സൊസൈറ്റി മുന്നറിയിപ്പ് നൽകി. കെയർ ജീവനക്കാർക്കുള്ള ഇളവ് സ്വാഗതം ചെയ്ത യൂണിസൺ, മോശം തൊഴിലുടമകൾ കാരണം ശമ്പളവും ജോലിയും തടസ്സപ്പെട്ടവർക്ക് ആനുകൂല്യം നഷ്ടപ്പെടരുതെന്ന് ആവശ്യപ്പെട്ടു. പരിഷ്‌കാരങ്ങൾ വിദഗ്ധ തൊഴിലാളികളെ നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുമെന്ന് വ്യവസായ സംഘടനകളും പ്രതികരിച്ചു. അതേസമയം, സംഭാവനയുടെ അടിസ്ഥാനത്തിൽ സ്ഥിരതാമസത്തിന് അവസരം നൽകുന്നതാണ് നീതിയെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം വ്യക്തമാക്കി. കെയർ ജീവനക്കാർക്ക് ഇളവ് നൽകിയത് സർക്കാരിന്റെ പിന്മാറ്റമാണെന്നാണ് കൺസർവേറ്റീവുകളുടെയും റിഫോം യുകെയുടെയും വിമർശനം.
English Summary: Shabana Mahmood has eased settlement plans for eligible care workers while retaining longer waits for many other migrants.
