യുകെയിൽ 16, 17 വയസ്സുകാരുടെ സമൂഹമാധ്യമ ഉപയോഗത്തിന് അർധരാത്രി നിയന്ത്രണം വരുന്നു
16, 17 വയസ്സുകാരുടെ സാമൂഹ്യമാധ്യമ ഉപയോഗം രാത്രി 12 മുതൽ രാവിലെ ആറുവരെ സ്വതവേ തടയാൻ സർക്കാർ പദ്ധതി.
ലണ്ടൻ : യുകെയിൽ 16, 17 വയസ്സുള്ള കൗമാരക്കാരുടെ സമൂഹമാധ്യമ ഉപയോഗത്തിന് രാത്രി നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങി. ഇൻസ്റ്റഗ്രാം, ടിക്‌ടോക്, യൂട്യൂബ് തുടങ്ങിയ ആപ്പുകൾ അർധരാത്രി മുതൽ രാവിലെ ആറുവരെ സ്വതവേ ലഭ്യമാകാത്ത രീതിയിലാക്കും. എന്നാൽ അക്കൗണ്ട് ക്രമീകരണങ്ങളിൽ മാറ്റം വരുത്തി ഉപയോക്താക്കൾക്ക് നിയന്ത്രണം ഒഴിവാക്കാം.
ഓട്ടോ പ്ലേ, ഇൻഫിനിറ്റ് സ്ക്രോൾ തുടങ്ങിയ ആസക്തി വർധിപ്പിക്കുന്ന സൗകര്യങ്ങളും സ്വതവേ പ്രവർത്തനരഹിതമാക്കാനാണ് പദ്ധതി. ഇതിലൂടെ ഉറക്കം മെച്ചപ്പെടുത്താനും പഠനത്തിൽ ശ്രദ്ധ വർധിപ്പിക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രായപൂർത്തിയാകാത്തവർ എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുമ്പോൾ ഇടവേളകൾ കൊണ്ടുവരുന്നതും പരിഗണനയിലാണ്.
എന്നാൽ അക്കൗണ്ട് ക്രമീകരണത്തിലൂടെ എളുപ്പത്തിൽ ഒഴിവാക്കാവുന്ന നിയന്ത്രണം ഫലപ്രദമാകില്ലെന്ന് വിമർശകർ പറയുന്നു. സഹായം ആവശ്യമുള്ള കുട്ടികളുടെ രാത്രികാല ഓൺലൈൻ പ്രവേശനം തടസപ്പെടാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിർദേശങ്ങൾ 2026 അവസാനത്തോടെ പാർലമെന്റിൽ അവതരിപ്പിച്ച് അടുത്ത വസന്തത്തിൽ നടപ്പാക്കാനാണ് ലക്ഷ്യം.
English Summary: The UK plans a default midnight-to-6am social media curfew for 16 and 17-year-olds.
