ഹിൽസ്‌ബറോ നിയമത്തിന് കോമൺസിന്റെ അംഗീകാരം; പൊതുഉദ്യോഗസ്ഥർക്ക് സത്യസന്ധത നിയമപരമായ കടമ
പൊതുഉദ്യോഗസ്ഥരെ അന്വേഷണങ്ങളിൽ കൂടുതൽ ഉത്തരവാദികളാക്കുന്ന ഹിൽസ്‌ബറോ ബില്ലിന് കോമൺസ് അംഗീകാരം.
ലണ്ടൻ : പൊതുസ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും കൂടുതൽ ഉത്തരവാദികളാക്കുന്ന ഹിൽസ്‌ബറോ നിയമത്തിന് ഹൗസ് ഓഫ് കോമൺസ് അംഗീകാരം നൽകി. പാർലമെന്റിലേക്ക് തിരിച്ചെത്തിയ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ആൻഡി ബേൺഹാം ബില്ലിനെ സ്വാഗതം ചെയ്തു. ഹിൽസ്‌ബറോ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ ആവശ്യപ്പെട്ട നീതിയിലേക്കുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
പബ്ലിക് ഓഫീസ് അക്കൗണ്ടബിലിറ്റി ബിൽ പ്രകാരം പൊതുഉദ്യോഗസ്ഥർ സത്യസന്ധമായി വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് നിയമപരമായ കടമയാകും. ദുരന്താന്വേഷണങ്ങളിൽ മനഃപൂർവം തെറ്റായ വിവരം നൽകുകയോ തെളിവുകൾ മറയ്ക്കുകയോ ചെയ്യുന്നവർക്ക് ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും. ദേശീയ സുരക്ഷാ തെളിവുകൾ കൈകാര്യം ചെയ്യുന്നതിൽ ധാരണയിലെത്തിയതോടെയാണ് ബിൽ മുന്നോട്ട് പോയത്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അന്വേഷണ നടപടികളിൽ നിയമസഹായം നൽകുന്നതിനായി 185 മില്യൺ പൗണ്ടിന്റെ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ നിയമസഹായ വിപുലീകരണമാണെന്ന് സർക്കാർ അറിയിച്ചു. നിയമമാകുന്നതിന് മുമ്പ് ബിൽ ഇനി ഹൗസ് ഓഫ് ലോർഡ്സിന്റെ അംഗീകാരം നേടണം.
English Summary: MPs have approved the Hillsborough law, introducing a duty of candour and expanded legal aid.
