യുകെയിൽ കാലാവസ്ഥാ അതിരൂക്ഷതകൾ സാധാരണയാകുന്നു; കഴിഞ്ഞ നാല് വർഷങ്ങൾ ഏറ്റവും ചൂടേറിയ അഞ്ചിൽ
റെക്കോർഡ് ചൂടും ശക്തമായ മഴയും യുകെയിലെ പുതിയ സാധാരണയായി മാറുന്നതായി കാലാവസ്ഥാ റിപ്പോർട്ട്.
ലണ്ടൻ : യുകെയിലെ അതിരൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങൾ ക്രമേണ സാധാരണ സംഭവങ്ങളായി മാറുകയാണെന്ന് വാർഷിക ‘സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ്’ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 1884 മുതൽ ലഭ്യമായ കണക്കുകളിൽ 2025 ആണ് രാജ്യത്തെ ഏറ്റവും ചൂടേറിയ വർഷം. അന്തരീക്ഷത്തിലെ കാർബൺ മലിനീകരണം ഉയരുന്നതോടെ വരും വർഷങ്ങളിൽ വീണ്ടും താപനില റെക്കോർഡുകൾ തകർന്നേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-ൽ യുകെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വസന്തവും വേനലും രേഖപ്പെടുത്തിയപ്പോൾ, ഇംഗ്ലണ്ടിൽ കഴിഞ്ഞ നൂറുവർഷത്തിനിടയിലെ ഏറ്റവും വരണ്ട വസന്തവും അനുഭവപ്പെട്ടു. കഴിഞ്ഞ നാല് വർഷങ്ങളും ഏറ്റവും ചൂടേറിയ അഞ്ചു വർഷങ്ങളിൽ ഉൾപ്പെട്ടു. കെന്റ് മുതൽ ലിങ്കൺഷയർ വരെയുള്ള മേഖലകളിൽ വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസത്തിന്റെ ശരാശരി താപനില പഴയ കാലയളവിനെക്കാൾ 4.5 ഡിഗ്രി ഉയർന്നു.
താപനില ഉയരുന്നതിനൊപ്പം അതിശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും വർധിക്കുന്നതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 1961–1990 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കനത്ത മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം 20 ശതമാനത്തിലധികവും മഴയുടെ തീവ്രത അഞ്ച് ശതമാനവും വർധിച്ചു.
English Summary: A new report says record heat and intense rainfall are becoming increasingly normal across the UK.
