30 മൈൽ വേഗപരിധിയുള്ള റോഡിൽ 130 മൈലിന് മുകളിൽ പാഞ്ഞ കാർ ഇടിച്ച് മരണം; ഡ്രൈവർക്കും യാത്രക്കാരനും ജയിൽശിക്ഷ
ലണ്ടൻ : മാഞ്ചസ്റ്ററിൽ മണിക്കൂറിൽ 130 മൈലിലേറെ വേഗതയിൽ കാറോടിച്ച് മലയാളിക്ക് സമാനമായ പേരുള്ള സിൽവസ്റ്റർ അബയോമി എന്ന അൻപതുകാരന്റെ മരണത്തിന് കാരണമായ സംഭവത്തിൽ ഡ്രൈവർക്കും സുഹൃത്തിനും കോടതി കഠിനശിക്ഷ വിധിച്ചു. വാഹനമോടിച്ച ഇരുപതുകാരനായ ഉവെയ്‌സ് ഹുസൈന് 11 വർഷവും എട്ട് മാസവും കാറുടമയായ ഇരുപത്തിമൂന്നുകാരൻ ഉസ്മോൻ മഹ്മൂദിന് 12 വർഷവും ഒൻപത് മാസവുമാണ് മാഞ്ചസ്റ്റർ ക്രൗൺ കോടതി ജയിൽശിക്ഷ വിധിച്ചത്. 30 മൈൽ വേഗപരിധിയുള്ള റോഡിലായിരുന്നു ഇവരുടെ ക്രൂരമായ അശ്രദ്ധ പ്രകടനം.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും കാറിനുള്ളിലിരുന്ന് നൈട്രസ് ഓക്സൈഡ് ശ്വസിക്കുന്നതും ചുവപ്പ് സിഗ്നലുകൾ വെട്ടിച്ച് പായുന്നതും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. പുലർച്ചെ ജോലിക്ക് പോകുകയായിരുന്ന അബയോമിയുടെ വാഹനത്തിലേക്ക് മണിക്കൂറിൽ 139 മൈൽ വേഗതയിലാണ് ഇവരുടെ വിഡബ്ല്യു ഗോൾഫ് ജിടിഐ കാർ വന്നിടിച്ചത്. പൂർണ്ണമായും ഒഴിവാക്കാമായിരുന്ന ഒരു ഭയാനക ദുരന്തമാണിതെന്ന് കേസ് പരിഗണിച്ച ജഡ്ജി കോടതിയിൽ നിരീക്ഷിക്കുകയുണ്ടായി.
അപകടത്തിന് ശേഷം ഡ്രൈവറുടെ ആപ്പിൾ വാച്ച് സ്വയം എമർജൻസി നമ്പറായ 999-ലേക്ക് വിളിച്ചെങ്കിലും പൊലീസിനെ വിവരമറിയിക്കാതെ രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിച്ചത്. കാർ മോഷണം പോയതാണെന്ന് വരുത്തിത്തീർക്കാനും സ്ഥലം വിടാൻ യൂബർ ടാക്സി വിളിക്കാനും ഇരുവരും ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. ഒരു അപകടത്തിൽ ഒരാൾ മാത്രം മരണപ്പെട്ട കേസിൽ യുകെയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷാവിധികളിൽ ഒന്നാണിത്.
A driver and his passenger have been jailed in Manchester for over 11 years each after causing a fatal crash while speeding at 139 mph.
