റിഫോം യുകെയെ തടയാൻ ‘പ്രോഗ്രസീവ്’ പാർട്ടികളുടെ പുതിയ നീക്കം; തിരഞ്ഞെടുപ്പ് ധാരണകളും ചർച്ചയിൽ
ലണ്ടൻ : അടുത്ത പൊതുതിരഞ്ഞെടുപ്പിൽ റിഫോം യുകെ അധികാരത്തിലെത്തുന്നത് തടയാൻ ബ്രിട്ടനിലെ പ്രോഗ്രസീവ് പാർട്ടികളിലെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കം ശക്തമാകുന്നു. ലേബർ, ലിബറൽ ഡെമോക്രാറ്റ്സ്, ഗ്രീൻസ്, എസ്‌എൻപി, പ്ലൈഡ് കംറി എന്നീ പാർട്ടികളിൽ നിന്നുള്ള പ്രമുഖരെ ഉൾപ്പെടുത്തി ‘കൗൺസിൽ ഫോർ ദ പ്രോഗ്രസീവ് മെജോറിറ്റി’ എന്ന പേരിലാണ് പുതിയ വേദി രൂപീകരിക്കാൻ ആലോചിക്കുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാമിന്റെ പിന്തുണക്കാരുമായി ബന്ധമുള്ള സെൻറർ-ലെഫ്റ്റ് തിങ്ക് ടാങ്കായ കോംപസാണ് ഈ നീക്കത്തിന് പിന്നിൽ.
ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യത്തിൽ പരമ്പരാഗത രണ്ട് പാർട്ടി ആധിപത്യം തകരുകയാണെന്നും, വലതുപക്ഷ ജനകീയ രാഷ്ട്രീയത്തിന്റെ ഉയർച്ചയെ നേരിടാൻ പ്രോഗ്രസീവ് പാർട്ടികൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നുമാണ് കോംപസിന്റെ നിലപാട്. തിരഞ്ഞെടുപ്പ് പാക്റ്റുകൾ, സംയുക്ത ചർച്ചകൾ, ഡാറ്റാ ഷെയറിംഗ്, പൊതുവായ നയ നിലപാടുകൾ എന്നിവ ഉൾപ്പെടെ റിഫോം യുകെയെ തടയാനുള്ള വിവിധ മാർഗങ്ങൾ ഈ കൗൺസിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. വേനൽക്കാലാവസാനത്തോടെ അംഗങ്ങളെ നിശ്ചയിക്കാനാണ് ലക്ഷ്യമിടുന്നത്. വർഷത്തിൽ നാല് തവണ യോഗം ചേരുന്ന രീതിയിലായിരിക്കും പ്രവർത്തനം.
അതേസമയം, ഈ നീക്കം എല്ലാ പാർട്ടികളിലും ഒരുപോലെ സ്വീകരിക്കപ്പെട്ടിട്ടില്ല. ലേബറിലെ ചില എംപിമാർ ഗ്രീൻ പാർട്ടിയുമായി സഹകരിക്കുന്നതിൽ പ്രതിഛായാ അപകടസാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നു. ഗ്രീൻ പാർട്ടിയിലും വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ട്. ആൻഡി ബേൺഹാം ലേബർ നേതൃത്വത്തിലേക്ക് ഉയർന്നാൽ സഹകരണം പരിഗണിക്കാമെന്ന നിലപാടിലുള്ളവരും, ലേബറിനെ വെല്ലുവിളിക്കുകയാണ് ഗ്രീൻ പാർട്ടിയുടെ പ്രധാന പങ്കെന്നു പറയുന്നവരും പാർട്ടിയിലുണ്ട്. ദേശീയ സർവേകളിൽ റിഫോം യുകെ മുന്നിലാണ് എന്ന പശ്ചാത്തലത്തിലാണ് പ്രോഗ്രസീവ് വോട്ടുകൾ വിഭജിക്കപ്പെടാതിരിക്കാൻ പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ചയാകുന്നത്.
English summary: Progressive parties in the UK are exploring cooperation to stop Reform UK from winning the next general election.
