കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കാൻ യു കെ സർക്കാരിന്റെ പുതിയ കർശന മാർഗ്ഗനിർദ്ദേശങ്ങൾ
ലണ്ടൻ : കൊച്ചുകുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് യു കെ സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിദിനം ഒരു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം അനുവദിക്കരുതെന്നാണ് പ്രധാന നിർദ്ദേശം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്നും എന്നാൽ കുടുംബാംഗങ്ങളുമായുള്ള വീഡിയോ കോളുകൾക്ക് മാത്രമായി ഇതിൽ ഇളവ് നൽകാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ആരോഗ്യ വിദഗ്ധൻ പ്രൊഫസർ റസ്സൽ വിനർ, കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ.
സ്ക്രീൻ സമയത്തിന്റെ ദൈർഘ്യത്തേക്കാൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനാണ് സർക്കാർ പുതിയ ഗൈഡിൽ മുൻഗണന നൽകുന്നത്. ഭക്ഷണസമയത്തും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും സ്ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കണം. സോഷ്യൽ മീഡിയ സ്റ്റൈലിലുള്ള അതിവേഗ വീഡിയോകൾ കുട്ടികളുടെ പഠനശേഷിയെയും ശ്രദ്ധയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അവയ്ക്ക് പകരം കഥാപുസ്തകങ്ങൾ വായിക്കാനും പാട്ടുകൾ കേൾക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. കുട്ടികൾ തനിച്ച് സ്ക്രീൻ ഉപയോഗിക്കുന്നതിനേക്കാൾ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് ആശയവിനിമയം നടത്തിക്കൊണ്ടുള്ള ഉപയോഗമാണ് കൂടുതൽ ഗുണകരമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയിൽ നിർണ്ണായകമായ ആദ്യ അഞ്ച് വർഷങ്ങളിൽ അമിതമായ സ്ക്രീൻ ഉപയോഗം ഉറക്കം, ശാരീരിക ചലനം, ഭാഷാ വികാസം എന്നിവയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കോ വൈകല്യമുള്ളവർക്കോ ആശയവിനിമയത്തിനായി ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെങ്കിൽ അവർക്ക് ഈ സമയപരിധിയിൽ ഇളവ് അനുവദിക്കാവുന്നതാണ്. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ നേരിട്ടുള്ള ഇടപെടൽ ഉറപ്പാക്കാനാണ് ഈ പുതിയ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
The UK government has issued new guidelines restricting screen time for children under five to one hour per day to ensure healthy brain development.
