മാധ്യമരംഗത്ത് ലൈംഗികാതിക്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ടാകാം; മുന്നറിയിപ്പുമായി ലിസ നാൻഡി
സ്ത്രീകളെ സംരക്ഷിക്കാൻ സ്ഥാപനങ്ങൾ കൂടുതൽ നടപടിയെടുക്കണമെന്ന് ലിസ നാൻഡി; മാധ്യമരംഗത്തെ അധികാരദുരുപയോഗവും പരാതിപരിഹാരവും ചർച്ചയിൽ.
ലണ്ടൻ : സ്ത്രീകളെ സംരക്ഷിക്കാൻ സ്ഥാപനങ്ങൾ മതിയായ നടപടിയെടുക്കാത്തതിനാൽ മാധ്യമരംഗത്ത് ലൈംഗിക ചൂഷണവും അതിക്രമവും ഇപ്പോഴും തുടരുന്നുണ്ടാകാമെന്ന് യുകെ സാംസ്കാരിക സെക്രട്ടറി ലിസ നാൻഡി. അവതാരകനും ഹാസ്യനടനുമായ റസ്സൽ ബ്രാൻഡിനെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളിൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതികരണം. സർക്കാരിലെത്തിയശേഷം മാധ്യമമേഖലയിലെ നിരവധി പേർ തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ധൈര്യത്തോടെ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ കാര്യമായ മാറ്റം കാണുന്നില്ലെന്നും നാൻഡി വിമർശിച്ചു.
മാധ്യമരംഗത്തും രാഷ്ട്രീയത്തിലും അധികാരത്തിലെ അസമത്വവും ഹ്രസ്വകാല തൊഴിൽകരാറുകളും പരാതിപ്പെടുന്നവരെ ദുർബലരാക്കുന്നുവെന്ന് നാൻഡി ചൂണ്ടിക്കാട്ടി. അതിക്രമത്തെക്കുറിച്ച് തുറന്നുപറയുന്ന സ്ത്രീകൾക്ക് പലപ്പോഴും സംരക്ഷണം ലഭിക്കുന്നില്ലെന്നും വലിയ വ്യക്തിപരവും തൊഴിൽപരവുമായ നഷ്ടം സഹിക്കേണ്ടിവരുന്നുവെന്നും അവർ പറഞ്ഞു. പരാതിക്കാരെ സംരക്ഷിക്കാൻ രൂപീകരിച്ച ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഇൻഡിപെൻഡന്റ് സ്റ്റാൻഡേഡ്സ് അതോറിറ്റിയുമായി സഹകരിക്കാൻ മറ്റ് മാധ്യമസ്ഥാപനങ്ങളും മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ സംവിധാനത്തിൽ പങ്കാളിയായ ബിബിസിയുടെ നടപടിയെ അവർ അഭിനന്ദിച്ചു. ബലാത്സംഗ ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ചാനൽ ഫോറിന്റെ ‘മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ്’ പരിപാടി റദ്ദാക്കിയ സംഭവവും ചർച്ചയിൽ ഉയർന്നു.
നാലാഴ്ച നീണ്ട വിചാരണയ്ക്കുശേഷമാണ് ബ്രാൻഡിനെ ഒരു ബലാത്സംഗക്കുറ്റത്തിലും മൂന്ന് ലൈംഗികാതിക്രമക്കുറ്റങ്ങളിലും കുറ്റക്കാരനായി കണ്ടെത്തിയത്. 1999 മുതൽ 2009 വരെയുള്ള കാലവുമായി ബന്ധപ്പെട്ട് ആറു സ്ത്രീകളുടെ ആരോപണങ്ങളാണ് വിചാരണയിൽ പരിഗണിച്ചത്. പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് ബ്രാൻഡ് തങ്ങളെ ലൈംഗിക പ്രവൃത്തികൾക്ക് നിർബന്ധിച്ചുവെന്ന് സ്ത്രീകൾ കോടതിയിൽ വിവരിച്ചു. അധികാരദുരുപയോഗത്തിന് ഇടമുണ്ടാകരുതെന്നും പരാതികൾ ഗൗരവത്തോടെ കേൾക്കുകയും നടപടിയെടുക്കുകയും വേണമെന്നും വിധിക്കുശേഷം ബിബിസി പ്രതികരിച്ചു. ബ്രാൻഡ് ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാൽ പരാതിപ്പെടാനാകില്ലെന്ന് തോന്നിയ ജീവനക്കാരോട് സ്ഥാപനം ക്ഷമാപണം ആവർത്തിച്ചു. കുറ്റകൃത്യങ്ങൾ ഇരകളുടെ ജീവിതത്തിലുണ്ടാക്കിയ ആഴത്തിലുള്ള ആഘാതം അംഗീകരിക്കുന്നതായി ചാനൽ ഫോറും അറിയിച്ചു.
English Summary: UK Culture Secretary Lisa Nandy has warned that abuse may still be occurring in the media industry following Russell Brand’s conviction.
