സൗത്ത്‌പോർട്ട് കൊലക്കേസ് പ്രതി ജയിൽ ഉദ്യോഗസ്ഥന് നേരെ പഞ്ചസാര ചേർത്ത തിളച്ച വെള്ളമൊഴിച്ചു; പുതിയ കുറ്റപത്രം
Southport triple-murder convict Axel Rudakubana appeared in a London court charged with assaulting a prison guard by allegedly throwing boiling water mixed with sugar at him.
ലണ്ടൻ : ബ്രിട്ടനിലെ സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ആക്സൽ റുഡാകുബാന (20) ജയിൽ ഉദ്യോഗസ്ഥനെ തിളച്ച വെള്ളമൊഴിച്ച് ആക്രമിച്ച സംഭവത്തിൽ ലണ്ടൻ കോടതിയിൽ ഹാജരായി. ലണ്ടനിലെ ബെൽമാർഷ് ജയിലിൽ തടവിൽ കഴിയവേ, ജയിൽ വാർഡന് നേരെ പഞ്ചസാര ചേർത്ത തിളച്ച വെള്ളമൊഴിച്ചതിനാണ് ഇയാൾക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചത്. ശരീരത്തിൽ വേഗത്തിൽ പറ്റിപ്പിടിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കാനാണ് ചൂടുവെള്ളത്തിൽ പഞ്ചസാര കലർത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നിലവിൽ ബ്രോഡ്‌മൂർ അതീവ സുരക്ഷാ സൈക്യാട്രിക് ആശുപത്രിയിൽ കഴിയുന്ന പ്രതി, വീഡിയോ കോൺഫറൻസിങ് വഴിയാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരായത്. പേരും ജനനത്തീയതിയും സ്ഥിരീകരിക്കാൻ മാത്രമാണ് കോടതിയിൽ ഇയാൾ സംസാരിച്ചത്. ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പുറമെ, എമർജൻസി ജീവനക്കാരെ ആക്രമിച്ചതിനും ജയിൽ സെല്ലിൽ മൂർച്ചയേറിയ കല്ല് ആയുധമായി സൂക്ഷിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടർവിചാരണയ്ക്കായി കേസ് ഒക്ടോബറിൽ ലണ്ടനിലെ പ്രശസ്തമായ ഓൾഡ് ബെയ്‌ലി കോടതിയിലേക്ക് മാറ്റി.
2024 ജൂലൈയിൽ സൗത്ത്‌പോർട്ടിലെ ഡാൻസ് വർക്ക്‌ഷോപ്പിനിടെ മൂന്ന് പിഞ്ചുകുട്ടികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും അധ്യാപിക ഉൾപ്പെടെ പത്ത് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് റുഡാകുബാനയ്ക്ക് കോടതി കുറഞ്ഞത് 52 വർഷത്തെ തടവുശിക്ഷ വിധിച്ചത്. അന്ന് രാജ്യത്താകമാനം വലിയ തോതിലുള്ള വംശീയ കലാപങ്ങൾക്കും സംഘർഷങ്ങൾക്കും ഈ ആക്രമണം കാരണമായിരുന്നു. ജയിലിലും ഇയാൾ അക്രമവാസന തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തി പുതിയ വിചാരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
