കാരണം കൂടാതെ വാടകക്കാരെ ഒഴിപ്പിക്കാൻ പറ്റില്ല, മുൻകൂറായി ഒരു മാസത്തെ വാടക മാത്രം: യുകെയിൽ പുതിയ റെന്റേഴ്‌സ് ആക്ട് നിലവിൽ വന്നു

May 2, 2026 - 18:43
 0
കാരണം കൂടാതെ വാടകക്കാരെ ഒഴിപ്പിക്കാൻ പറ്റില്ല, മുൻകൂറായി ഒരു മാസത്തെ വാടക മാത്രം: യുകെയിൽ പുതിയ റെന്റേഴ്‌സ് ആക്ട് നിലവിൽ വന്നു

യുകെയിലെ സ്വകാര്യ വാടക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നിലവിൽ വന്നു. ലാൻഡ്ലോർഡ്സിനും വാടകക്കാർക്കും ഒരുപോലെ നിർണ്ണായകമായ നിരവധി പരിഷ്കാരങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഏകദേശം 11 ദശലക്ഷം വരുന്ന സ്വകാര്യ വാടകക്കാർക്കും 2.3 ദശലക്ഷം ലാൻഡ്ലോർഡ്സിനും ഈ നിയമമാറ്റം നേരിട്ട് ബാധകമാകും. വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടാണ് പുതിയ ബില്ലിന് അംഗീകാരമായിരിക്കുന്നത്.


വാടകക്കാരെ മുൻകൂർ നോട്ടീസോ കൃത്യമായ കാരണങ്ങളോ ഇല്ലാതെ പുറത്താക്കാൻ ലാൻഡ്ലോർഡ്സിന് അധികാരം നൽകിയിരുന്ന സെക്ഷൻ 21 അഥവാ നോ ഫോൾട്ട് എവിക്ഷൻ നിർത്തലാക്കിയതാണ് ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശം. ഇനി മുതൽ വാടകക്കാരെ മാറ്റണമെങ്കിൽ വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കേണ്ടി വരും. ഇതോടൊപ്പം തന്നെ നിശ്ചിത കാലയളവിലേക്കുള്ള ഫിക്സഡ് ടേം ടെനൻസി കരാറുകൾക്ക് പകരം കൂടുതൽ ഫ്ലെക്സിബിൾ ആയ റോളിംഗ് കോൺട്രാക്ട് സമ്പ്രദായം പ്രാബല്യത്തിൽ വരുന്നതും വാടകക്കാർക്ക് ഗുണകരമാകും.


വാടക നിശ്ചയിക്കുന്ന കാര്യത്തിലും കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചയിച്ച വാടകയേക്കാൾ കൂടുതൽ തുക ലേലം വിളിച്ച് ഈടാക്കുന്നത് ഇനിമുതൽ അനുവദിക്കില്ല. പരസ്യപ്പെടുത്തിയ തുകയേക്കാൾ കൂടുതൽ ആവശ്യപ്പെടാൻ ലാൻഡ്ലോർഡ്സിന് അനുവാദമുണ്ടാകില്ലെന്ന് മാത്രമല്ല, ഒരു മാസത്തെ വാടക മാത്രമേ മുൻകൂറായി വാങ്ങാനും പാടുള്ളൂ. വളർത്തുമൃഗങ്ങളെ ഒപ്പം താമസിപ്പിക്കാൻ അനുവാദം വേണമെന്ന വാടകക്കാരുടെ ആവശ്യങ്ങൾ ലാൻഡ്ലോർഡ്സ് പരിഗണിക്കണമെന്നും വീടുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.