ഭീഷണിയും ആക്രമണവും വർധിക്കുന്നു; എംപിമാരുടെ ജീവനക്കാർക്ക് കൂടുതൽ സുരക്ഷ വേണമെന്ന് ആവശ്യം
MPs’ staff are demanding stronger security after widespread threats, abuse and rising psychological distress.
ലണ്ടൻ : എംപിമാരുടെ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നേരെയുള്ള ഭീഷണികളും അധിക്ഷേപങ്ങളും ശാരീരിക ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ അടിയന്തരമായി ശക്തിപ്പെടുത്തണമെന്ന് ആവശ്യം. 500ലധികം ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 78 ശതമാനം പേരും ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകളോ സന്ദേശങ്ങളോ ലഭിച്ചതായി അറിയിച്ചു. മൂന്നിലൊരാൾക്കടുത്ത് സ്വന്തം സുരക്ഷയെയോ സഹപ്രവർത്തകരുടെ സുരക്ഷയെയോ കുറിച്ച് സ്ഥിരമായി ആശങ്കപ്പെടുന്നതായും കണ്ടെത്തി.
ജീവനക്കാരിൽ പകുതിയോളം പേർ ഗുരുതരമായ മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്നതായാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. അമിതമായ ജോലിഭാരം, വംശീയവും ലൈംഗികവുമായ അധിക്ഷേപങ്ങൾ, ആത്മഹത്യാ ഭീഷണികൾ, അക്രമ മുന്നറിയിപ്പുകൾ, മാനസികമായി ഞെട്ടിക്കുന്ന പരാതികൾ എന്നിവയാണ് സമ്മർദം വർധിപ്പിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ചിലർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒന്നിലധികം തവണ ശാരീരികമായി ആക്രമിക്കപ്പെട്ടതായും വെളിപ്പെടുത്തി.
എംപിമാർ പങ്കെടുക്കുന്ന സമയത്ത് മാത്രമാണ് പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതെന്നും, എംപിമാരുടെ പ്രതിനിധികളായി പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ജീവനക്കാർ ഇതുമൂലം അപകടാവസ്ഥയിൽപ്പെടുന്നതായും സർവേ ചൂണ്ടിക്കാട്ടി. എംപി സന്നിഹിതനായില്ലെങ്കിലും ജീവനക്കാർക്ക് സമാന സുരക്ഷ നൽകണമെന്നും നിർദേശങ്ങൾ പാലിക്കാത്ത ഓഫീസുകളിൽ ഹൗസ് ഓഫ് കോമൺസ് അധികാരികൾക്ക് ഇടപെടാനുള്ള അധികാരം വേണമെന്നും വെസ്റ്റ്മിൻസ്റ്റർ വെൽനെസ് വർക്കിങ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അധിക്ഷേപവും ഭീഷണിയും അംഗീകരിക്കാനാവില്ലെന്നും ഹൗസ് ഓഫ് കോമൺസ് പ്രതികരിച്ചു.
