മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തിന് നേരെയുള്ള ഭീകരാക്രമണ പദ്ധതി യുകെ പൊലീസ് തകർത്തു; രണ്ടുപേർ പിടിയിൽ
UK counter-terrorism police foiled an "imminent" terror plot targeting the Jewish community in Greater Manchester following the arrest of two men on the eve of Yom Kippur.
ലണ്ടൻ : മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് നടത്താനിരുന്ന വൻ ഭീകരാക്രമണ പദ്ധതി യുകെ ഭീകരവിരുദ്ധ സേന (Counter Terrorism Policing) സമയോചിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. ജൂതന്മാരുടെ വിശുദ്ധ ദിനമായ യോം കിപ്പൂർ (Yom Kippur) ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഞായറാഴ്ച ഉച്ചയ്ക്ക് മാഞ്ചസ്റ്ററിലെ ന്യൂട്ടൺ സ്ട്രീറ്റിൽ വെച്ചാണ് മുപ്പതുകളിലുള്ള രണ്ട് പ്രതികളെ പൊലീസ് അതീവ രഹസ്യമായി പിടികൂടിയത്. മാസങ്ങൾ നീണ്ട കൃത്യമായ രഹസ്യാന്വേഷണത്തിനൊടുവിലാണ് വലിയൊരു ദുരന്തം ഒഴിവാക്കാനായതെന്നും ആക്രമണത്തിന് ഇവർ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്ന നിർണായക വസ്തുക്കൾ പിടിച്ചെടുത്തതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഭീകരവാദ നിയമത്തിലെ സെക്ഷൻ 41 പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ ലണ്ടനിലെ പ്രത്യേക സ്റ്റേഷനിലേക്ക് മാറ്റി ചോദ്യം ചെയ്തുവരികയാണ്. ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിന് പിന്നാലെ ലിവർപൂളിലെ എപ്‌വർത്ത് സ്ട്രീറ്റിലും സാൽഫോർഡിലെ ലങ്കാസ്റ്റർ റോഡിലുമുള്ള കേന്ദ്രങ്ങളിൽ പൊലീസ് വിപുലമായ പരിശോധനകൾ പൂർത്തിയാക്കി. പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്നും ആക്രമണത്തിന് പിന്നിൽ വിദേശ ശക്തികളുടെയോ തീവ്രവാദ ഗ്രൂപ്പുകളുടെയോ പിന്തുണയുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം യോം കിപ്പൂർ ദിനത്തിൽ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന്റെ വാർഷികം അടുത്തിരിക്കെ പുറത്തുവന്ന വാർത്ത ബ്രിട്ടനിലെ ജൂത സമൂഹത്തിനിടയിൽ കടുത്ത ആശങ്ക പടർത്തിയിട്ടുണ്ട്. നിലവിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്ലെന്ന് വ്യക്തമാക്കിയ പൊലീസ്, ജൂത കേന്ദ്രങ്ങളിലും പ്രാർത്ഥനാാലയങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു. സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് ജൂത സംരക്ഷണ സംഘടനയായ കമ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റും (CST) നിർദ്ദേശം നൽകിയിട്ടുണ്ട്.
