യുകെയിൽ തൊഴിലില്ലായ്മ 5.1% ആയേക്കും; ഒന്നരലക്ഷം പേർ കൂടി തൊഴിൽരഹിതരാകാമെന്ന് പ്രവചനം
2027 മധ്യത്തോടെ യുകെ തൊഴിലില്ലായ്മ 5.1 ശതമാനമാകാമെന്നും ഒന്നരലക്ഷം പേർ കൂടി തൊഴിൽരഹിതരാകാമെന്നും ഐറ്റം ക്ലബ്ബിന്റെ പ്രവചനം.
ലണ്ടൻ : യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 2027 മധ്യത്തോടെ 5.1 ശതമാനത്തിലെത്താമെന്നും ഏകദേശം ഒന്നരലക്ഷം പേർ കൂടി തൊഴിൽരഹിതരാകാമെന്നും സാമ്പത്തിക പ്രവചനസ്ഥാപനമായ ഐറ്റം ക്ലബ്ബിന്റെ മുന്നറിയിപ്പ്. സാമ്പത്തിക സമ്മർദം നേരിടുന്ന കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിക്കാനുള്ള സാധ്യതയാണ് തൊഴിൽവിപണിക്ക് വെല്ലുവിളിയാകുന്നത്. നിലവിലെ ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ അവസാനിച്ച മൂന്നുമാസത്തിൽ 4.7 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഈ കുറവ് തൊഴിൽവിപണിയിലെ യഥാർഥ പുരോഗതിയെക്കാൾ മെച്ചപ്പെട്ട ചിത്രം നൽകുന്നതാകാമെന്നാണ് ഐറ്റം ക്ലബ്ബിന്റെ വിലയിരുത്തൽ. 5.1 ശതമാനം എന്നത് നിലവിലെ നിരക്കല്ല, അടുത്തവർഷത്തേക്കുള്ള പ്രവചനമാണ്.
ഉയർന്ന ഊർജബില്ലുകൾ കുടുംബങ്ങളുടെ ചെലവഴിക്കാനുള്ള ശേഷി കുറയ്ക്കുന്നത് ഹോട്ടലുകൾ, ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള ഉപഭോക്തൃ ആശ്രിത സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്. ദേശീയ മിനിമം വേതനത്തിലെ വർധനയും തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് സംഭാവന ഉയർന്നതും ഇത്തരം സ്ഥാപനങ്ങളുടെ ചെലവ് വർധിപ്പിക്കുന്നു. അതേസമയം, നിർമിതബുദ്ധിയിലെ വലിയ നിക്ഷേപത്തിന്റെ പിന്തുണയോടെ ഐടി, പ്രൊഫഷണൽ സേവന മേഖലകളിൽ ഉൽപാദനം വളരുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള പുതിയ നിയമനങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ചില മേഖലകൾ വളരുമ്പോഴും തൊഴിലവസരങ്ങളും കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതിയും പിന്നോട്ടുപോകുന്ന വ്യത്യസ്ത ഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് സ്ഥാപനം വിലയിരുത്തുന്നു.
ദുർബലമായ തൊഴിൽവിപണി ജോലിയിലുള്ളവരുടെ ശമ്പളവർധനയെയും ബാധിച്ചേക്കും. സ്വകാര്യ മേഖലയിലെ വേതനവർധന ഈ വർഷത്തെ 3.5 ശതമാനത്തിൽനിന്ന് അടുത്തവർഷം മൂന്നുശതമാനത്തിന് താഴെയാകുമെന്നാണ് പ്രവചനം. കൂടുതൽ ശമ്പളം ആവശ്യപ്പെടാനും മികച്ച വരുമാനത്തിനായി ജോലി മാറാനുമുള്ള അവസരങ്ങൾ ഇതോടെ കുറയാം. മൊത്തവ്യാപാര വാതകവില വർധന ജനുവരിയിലെ ഊർജബില്ലുകളിൽ പ്രതിഫലിക്കുന്നതോടെ അടുത്തവർഷം തുടക്കത്തിൽ പണപ്പെരുപ്പം നാലുശതമാനത്തിന് മുകളിലെത്താമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഊർജവിലയിലെ ആഘാതം കുറയുകയും പണപ്പെരുപ്പം സാധാരണ നിലയിലാകുകയും ചെയ്യുന്നതോടെ 2028 അവസാനത്തോടെ തൊഴിലില്ലായ്മ വീണ്ടും 4.7 ശതമാനത്തിലേക്ക് താഴുമെന്നാണ് ഐറ്റം ക്ലബ്ബിന്റെ പ്രതീക്ഷ.
English Summary: The ITEM Club forecasts UK unemployment could reach 5.1% in mid-2027, leaving around 150,000 more people out of work before a later recovery.
