സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പടരുന്നു; യുകെയിൽ 'ദേശീയ ദേശീയ പകർച്ചവ്യാധി'യെന്ന് മന്ത്രി അലക്സ് ഡേവിസ് ജോൺസ്
UK Junior Justice Minister Alex Davies-Jones warned of a "national epidemic" of violence against women and girls, calling for urgent systemic reforms, prevention-focused education, and swift justice for victims.
ലണ്ടൻ : ബ്രിട്ടനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ നിയന്ത്രണാതീതമായി വർധിക്കുകയാണെന്നും ഇതൊരു ‘ദേശീയ പകർച്ചവ്യാധി’ (National Epidemic) അഥവാ ദേശീയ അടിയന്തരാവസ്ഥയായി മാറിക്കഴിഞ്ഞെന്നും നീതിന്യായ വകുപ്പ് സഹമന്ത്രി അലക്സ് ഡേവിസ് ജോൺസ് മുന്നറിയിപ്പ് നൽകി. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടനിലെ സ്ത്രീസുരക്ഷാ പ്രതിസന്ധിയെക്കുറിച്ച് മന്ത്രി ആശങ്ക പങ്കുവെച്ചത്. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സമഗ്രമായ പ്രതിരോധ നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കേവലം അക്കങ്ങൾ മാത്രമല്ലെന്നും ഒട്ടേറെ മനുഷ്യജീവിതങ്ങളെയും കുടുംബങ്ങളെയുമാണ് ഇത് തകർത്തെറിയുന്നതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ സൗഹൃദങ്ങളെക്കുറിച്ചും പരസ്പര സമ്മതത്തെക്കുറിച്ചും (Consent) പുതിയ തലമുറയെ ബോധവൽക്കരിക്കുകയാണ് പ്രാഥമികമായി വേണ്ടത്. അതിനൊപ്പം കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാനും കുറ്റപത്രം കൃത്യസമയത്ത് സമർപ്പിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും സമഗ്രമായൊരു ഭരണസംവിധാന സമീപനം (Whole-system approach) അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും പീഡനക്കേസുകളും വിചാരണ ചെയ്യുന്നതിനായി ഇംഗ്ലണ്ടിലും വെയ്ൽസിലും അടുത്ത രണ്ട് വർഷത്തിനകം പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതിക്രമങ്ങൾ തടയാൻ കർശന നിയമനിർമ്മാണങ്ങൾ കൊണ്ടുവരുമെന്നും കേസുകളിൽ ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാൻ നീതിന്യായ വ്യവസ്ഥയിൽ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
