എയർ ട്രാഫിക് കൺട്രോൾ തകരാർ: ബ്രിട്ടനിൽ വിമാന സർവീസുകൾ താറുമാറായി; യാത്രക്കാർ ദുരിതത്തിൽ
Flights across Scotland, Northern Ireland, and northern England faced widespread delays and disruption due to a technical glitch in the air traffic control system at Nats' Prestwick centre.
ലണ്ടൻ : ബ്രിട്ടനിൽ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് സ്കോട്ട്‌ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വ്യോമഗതാഗതം ഭാഗികമായി സ്തംഭിച്ചു. സ്കോട്ട്‌ലൻഡിലെ പ്രെസ്റ്റ്വിക് കൺട്രോൾ സെന്ററിലെ ഫ്ലൈറ്റ് ഡാറ്റാ പ്രോസസിങ് സിസ്റ്റത്തിലുണ്ടായ തകരാറാണ് സർവീസുകളെ ബാധിച്ചതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് (Nats) അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കോട്ടിഷ് വ്യോമാതിർത്തിയിലെ വിമാന നിയന്ത്രണ ശേഷി 60 ശതമാനത്തോളം വെട്ടിച്ചുരുക്കിയതോടെ നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു.
എഡിൻബറ, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ, ബെൽഫാസ്റ്റ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നതായും റൺവേകളിൽ വിമാനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും യാത്രക്കാർ പരാതിപ്പെട്ടു. മാഞ്ചസ്റ്ററിന് തെക്കോട്ടുള്ള സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും വടക്കൻ മേഖലയിലേക്കുള്ള യാത്രക്കാർ സർവീസ് വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് സമാനമായ രീതിയിൽ രണ്ടായിരത്തോളം വിമാനങ്ങൾ റദ്ദാക്കാൻ ഇടയാക്കിയ സോഫ്റ്റ്‌വെയർ തകരാറുമായി ഇന്നത്തെ സംഭവത്തിന് ബന്ധമില്ലെന്ന് നാറ്റ്‌സ് വിശദീകരിച്ചു. എന്നാൽ, എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങൾ തുടർച്ചയായി പണിമുടക്കുന്നത് സിസ്റ്റത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ഈസിജെറ്റ് (easyJet) അടക്കമുള്ള പ്രമുഖ വിമാനക്കമ്പനികൾ കടുത്ത അമർഷം രേഖപ്പെടുത്തി. തകരാർ പരിഹരിച്ച് വ്യോമഗതാഗതം സാധാരണ നിലയിലാക്കാൻ എഞ്ചിനീയർമാർ തീവ്രശ്രമം തുടരുകയാണ്.
