യുകെയിലേക്ക് ചെറുബോട്ടുകളിൽ എത്തിയ കുടിയേറ്റക്കാർക്ക് 974 ഹിജാബുകൾ നൽകിയതായി റിപ്പോർട്ട്
Internal government documents reportedly reveal that UK officials handed out 974 hijabs to migrants arriving across the English Channel in small boats this year amid ongoing debates over border control.
ലണ്ടൻ : ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ അനധികൃതമായി യുകെയിലെത്തിയ അഭയാർഥികൾക്ക് സർക്കാർ ഈ വർഷം 974 ഹിജാബുകൾ വിതരണം ചെയ്തതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കടൽ കടന്ന് എത്തുന്ന മുസ്ലിം വനിതകൾക്കും പെൺകുട്ടികൾക്കും അവരുടെ മതപരമായ ആവശ്യങ്ങൾ മാനിച്ച് അധികൃതർ നേരിട്ട് ഇത്തരം വസ്ത്രങ്ങൾ നൽകുന്നത് യുകെ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
യുകെയിൽ അഭയാർഥി പ്രശ്നം വലിയ രാഷ്ട്രീയ ചർച്ചയായി തുടരുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. മൈഗ്രേഷൻ ഒബ്സർവേറ്ററിയുടെ കണക്കുകൾ പ്രകാരം ഈ വർഷം മെയ് വരെയുള്ള കാലയളവിൽ ഏകദേശം 36,000 പേരാണ് ചെറുബോട്ടുകളിൽ യുകെ തീരങ്ങളിലേക്ക് എത്തിയത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (41,000 പേർ) എണ്ണത്തിൽ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെങ്കിലും, അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നത് സർക്കാരിന് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്.
അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവർക്ക് പൊതുപണം ഉപയോഗിച്ച് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിനെതിരെ കൺസർവേറ്റീവ് നേതാക്കളും വിവിധ സംഘടനകളും വിമർശനമുന്നയിക്കുന്നുണ്ട്. എന്നാൽ, അപകടകരമായ കടൽയാത്ര താണ്ടി എത്തുന്നവരുടെ പ്രാഥമിക ആവശ്യങ്ങളും മനുഷ്യാവകാശങ്ങളും പരിഗണിക്കേണ്ടത് അനിവാര്യമാണെന്നാണ് അനുകൂലിക്കുന്നവരുടെ നിലപാട്. യുകെയിലെ കുടിയേറ്റ നയങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ വാദപ്രതിവാദങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്നാണ് സൂചന.
